ഭോപ്പാൽ: പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. പരിക്കേറ്റ 60 ഓളം പേർക്ക് സൗജന്യ ചികിത്സ നൽകുമെന്നും അദ്ദേഹം അറിയിച്ചു. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നിലവിൽ പരിക്കേറ്റവരെ ഹർദ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റവരെ തുടർ ചികിത്സയ്‌ക്കായി ഭോപ്പാലിലേക്കും ഇൻഡോറിലേക്കും മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തി വരികയാണെന്ന് ദർദാ ജില്ലാ കളക്ടർ ഋഷി ഗാർഗ് പറഞ്ഞു.
രക്ഷാപ്രവർത്തനത്തിനായി സമീപ ജില്ലകളിൽ നിന്ന് കൂടുതൽ ആംബുലൻസുകളുടേയും ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും സഹായം തേടിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത പ്രതികരണ സേന എന്നിവരുടെ സഹായവും തേടിയിട്ടുണ്ട്. അതേസമയം ഇൻഡോർ, ഭോപ്പാൽ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകളുടെ സഹായം തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് അറിയിച്ചു. ഹർദ, ബേതുൽ, ഖണ്ട്വ, നർമ്മദാപുരം എന്നിവിടങ്ങളിൽ നിന്നും ആംബുലൻസുകളുടെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇന്ന് രാവിലെ 11. 30 ഓടെയാണ് മദ്ധ്യപ്രദേശിലെ പടക്കനിർമ്മാണ ഫാക്ടറിയിൽ വൻ സ്ഫോടനം നടന്നത്. ആറുപേർ തൽക്ഷണം മരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി തവണ പൊട്ടിത്തെറിയുണ്ടായെന്ന് വിവരമുണ്ട്. മദ്ധ്യപ്രദേശിലെ ഭോപ്പാലിലെ ഹർദയിലാണ് അപകടമുണ്ടായത്. ഇതിന്റെ ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് വലിയ തോതിൽ പുക ഉയർന്നിട്ടുണ്ട്.















