പത്തനംതിട്ട: കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും മുഖ്യമന്ത്രിയാണെന്നുള്ള കാര്യം പിണറായി വിജയൻ ഓർക്കണമെന്ന് ഓർത്തഡോക്‌സ് സഭാ മാദ്ധ്യമ വിഭാഗം പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ്. ഒരു വിഭാഗത്തിന്റെ മാത്രം മുഖ്യമന്ത്രിയായിട്ടിരിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ അത് വലിയ അപകടം വിളിച്ചുവരുത്തും. പുത്തൻകുരിശിൽ നടന്ന ചടങ്ങിൽ യാക്കോബായ സഭയുടെ അസ്ഥിത്വം നിലനിർത്താൻ സർക്കാർ പ്രതിജ്ഞാബന്ധമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത് വലിയ ആശങ്കയ്‌ക്ക് ഇട നൽകുന്നതാണ്. പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ ഓർത്തഡോക്‌സ് സഭ വിമർശനമുയർത്തിയത്.
മുഖ്യമന്ത്രിയുടെ ചില ചെയ്തികൾ കാണുമ്പോൾ അദ്ദേഹം ഒരു വിഭാഗത്തിന്റെ മാത്രം മുഖ്യമന്ത്രിയാണോയെന്ന തോന്നലുണ്ടാകുന്നു. സുപ്രീംകോടതി വിധിയനുസരിച്ച് മുന്നോട്ട് പോകാനാണ് ഭരണാധികാരികൾ തയ്യാറാകേണ്ടത്. സുപ്രീംകോടതി വിധിക്കെതിരെ പുതിയ നിയമം കൊണ്ടുവരുമെന്ന് പറയുന്നത് ഭരണഘടനയെയും രാജ്യത്തെ നിയമവ്യവസ്ഥയെയും എതിർക്കുന്നതിന് തുല്യമാണ്. നിയമ നിർമാണത്തിലൂടെ കൂടുതൽ പ്രശ്‌നങ്ങളുണ്ടാക്കി സ്വന്തം കസേര ഉറപ്പിക്കാനാണ് പലരും ശ്രമിക്കുന്നത്. സുപ്രീംകോടതി വിധിക്ക് പകരം എന്ത് നിയമം കൊണ്ടുവന്നിട്ടും കാര്യമില്ല. സമുദായാംഗങ്ങളെ വിഘടിപ്പിച്ചു നിർത്തി വോട്ടുനേടാനാണ് രാഷ്‌ട്രീയ കക്ഷികളെല്ലാം ശ്രമിക്കുന്നത്. എന്നാൽ ഇതിനെതിരെ പ്രവർത്തിക്കാൻ തീരുമാനിച്ചാൽ അതിനുള്ള തിരിച്ചടി നൽകാൻ സമുദായങ്ങൾ തയ്യാറാകും. നീതി ന്യായ വ്യവസ്ഥയ്‌ക്ക് അനുസൃതമായി പ്രവർത്തിക്കുന്ന രാഷ്‌ട്രീയക്കാരെയാണ് നാടിന് ആവശ്യം. അല്ലാതെ സ്‌നേഹം നടിച്ചു മിണ്ടാതിരിക്കുന്നവരെയല്ലെന്നും അദ്ദേഹം പറഞ്ഞു.
തർക്ക വിഷയങ്ങളിൽ നിഷ്പക്ഷത പാലിക്കുന്നതിന് പകരം ഒരു വിഭാഗത്തിന്റെ മാത്രം വക്താവായി മുഖ്യമന്ത്രി മാറിയത് വേദനാജനകമാണ്. ഓർത്തഡോക്സ് സഭയുടെ സമീപനത്തെ മുഖ്യമന്ത്രി അവഗണിക്കുകയാണെന്നും കഴിഞ്ഞ ദിവസം യൂഹാനോൻ മാർ ദിയസ്‌കോറസ് പറഞ്ഞിരുന്നു.