തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കുമെന്ന സർക്കാർ നിലപാടിനെതിരെ ഇടത് വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫ്. സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കാൻ തയ്യാറാകരുതെന്നും പ്രഖ്യാപനം പിൻവലിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ സമരം ആരംഭിക്കുമെന്നും എഐഎസ്എഫ് അറിയിച്ചു. എൽഡിഎഫിന്റെ പ്രഖ്യാപിത നയങ്ങൾക്ക് വിരുദ്ധമാണ് സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കുമെന്ന ബജറ്റ് പ്രഖ്യാപനമെന്നും വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണെന്നും എഐഎസ്എഫ് വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം സ്വീകരിക്കുമെന്നും വിദേശ സർവ്വകലാശാലകളെ പ്രോത്സാഹിപ്പിക്കുമെന്നുമാണ് ബജറ്റ് പ്രഖ്യാപനം. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സൃഷ്ടിച്ച പ്രശ്‌നങ്ങളെ പറ്റി മറന്ന് പോകരുത്. കച്ചവട താത്പര്യം മാത്രം മുൻനിർത്തിയുള്ള ഈ നീക്കത്തിൽ നിന്ന് പിന്മാറാൻ സർക്കാർ തയ്യാറാകണം അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും എഐഎസ്എഫ് പ്രസ്താവനയിൽ അറിയിച്ചു.
സംസ്ഥാനത്ത് വിദേശ സർവ്വകലാശാല ക്യാമ്പസുകൾ ആരംഭിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തെ എതിർത്ത് എസ്എഫ്ഐയും രംഗത്ത് വന്നിരുന്നു. വിദേശ സർവ്വകലാശാലകൾ കേരളത്തിലെത്തുന്നതിൽ ആശങ്കയുണ്ടെന്നും ഇതിനോട് എസ്എഫ്ഐയ്‌ക്ക് യോജിപ്പില്ലെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ വ്യക്തമാക്കിയിരുന്നു. ഓട്ടോണമസ് കോളേജുകൾ സംസ്ഥാനത്ത് കൊണ്ടുവരുന്നതിനെതിരെ സമരം ചെയ്ത ചരിത്രമാണ് എസ്എഫ്ഐക്കുള്ളത്. ആ നിലപാട് തന്നെയാണ് വിദേശ സർവ്വകലാശാലയുടെ കാര്യത്തിലുള്ളതെന്നും അനുശ്രീ പറഞ്ഞു.















