കോഴിക്കോട്: ദേശീയ വിദ്യാഭ്യാസ നയത്തിന് പിന്തുണയുമായി കാലിക്കറ്റ് സർവ്വകലാശാല. നാല് വർഷ ബിരുദ കോഴ്‌സുകളുടെ നിയമാവലിക്ക് സർവ്വകലാശാല അംഗീകാരം നൽകി. സർവ്വകലാശാല അക്കാദമിക് കൗൺസിൽ യോഗമാണ് നിയമാവലിക്ക് അംഗീകാരം നൽകിയത്. നാല് വർഷ ബിരുദ കോഴ്‌സുകളുടെ നിയമാവലിക്ക് അംഗീകാരം നൽകുന്ന കേരളത്തിലെ ആദ്യ സർവ്വകലാശാലയാണ് കാലിക്കറ്റ്. അടുത്ത വർഷം മുതൽ കാലിക്കറ്റ് സർവ്വകലാശാലക്ക് കീഴിലെ വിദ്യാർത്ഥികൾക്ക് നിയമാവലി ബാധകമാകും. പുതിയ പാഠ്യപദ്ധതി രൂപവത്കരിക്കുന്നതിനായി അദ്ധ്യാപകർക്ക് നേരത്തെ ക്ലാസുകൾ നൽകിയിരുന്നു. 2023ലെ ഗവേഷണ ഭേദഗതിക്കും സർവ്വകലാശാല അംഗീകാരം നൽകി. സ്വാശ്രയ കോളേജുകൾക്കും പഠനവകുപ്പുകൾക്കും ഗവേഷണ കേന്ദ്രം അനുവദിക്കുന്നതാണ് ഭേദഗതിയിലെ പ്രധാനപ്പെട്ട കാര്യം.