ഹേമമാലിനിയുടെയും ധര്‍മേന്ദ്രയുടെയും മകളും നടിയുമായ ഇഷ ഡിയോളും ഭർത്താവ് ഭരത് തഖ്താനിയും വിവാഹമോചിതരാകുന്നു. 11 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിനാണ് ഇതോടെ അവസാനമാകുന്നത്. ചൊവ്വാഴ്ചയാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചതായി വെളിപ്പെടുത്തിയത്.
പരസ്പര സമ്മതത്തോടെ സൗഹാർദ്ദപരമായാണ് വിവാഹമോചനം. വേര്‍പിരിയുന്ന സാഹചര്യത്തില്‍ കുട്ടികളുടെ മാനസികാരോഗ്യത്തിനാണ് പ്രധാന്യം നൽകുന്നതെന്നും സ്വകാര്യതയെ മാനിക്കണമെന്നും ഇരുവരും പ്രസ്താവനയിലൂടെ അറിയിച്ചു. ദേശീയ മാദ്ധ്യമത്തോടാണ് ഇരുവരും ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ കുറച്ച് നാളുകളായി ഇഷയുടെയും ഭരതിന്റെയും വേർപിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വാർത്തകളിൽ ഇടം നേടിയിരുന്നു. കഴിഞ്ഞ വർഷം ഹേമാമാലിനിയുടെയും ഇഷയുടെയും പിറന്നാൾ ആഘോഷത്തിന് ഭരത് പങ്കെടുക്കാതിരുന്നതോടെയാണ് സംശയങ്ങൾ ഉയർന്നത്. 2012-ലായിരുന്നു ഇഷയുടെയും ഭരതിന്റെയും വിവാഹം നടന്നത്. ഇരുവർക്കും ആറും നാലും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.
ഹേമമാലിനി രണ്ടാമത് വിവാഹ ബന്ധത്തിലാണ് മകൾ ഇഷയുണ്ടായത്. 2002 ലായിരുന്നു ഇഷയുടെ അഭിനയ ജീവിതം ആരംഭിക്കുന്നത്. വിനയ് ശുക്ല സംവിധാനം ചെയ്ത കോയി മേരേ ദില്‍സേ പൂച്ഛേയായിരുന്നു ആദ്യ ചിത്രം. 2004 ല്‍ റിലീസ് ചെയ്ത ധൂമിലൂടെയാണ് ഇഷ ജനശ്രദ്ധ നേടിയത്. അതേവർഷം മണിരത്നം ചിത്രമായ ആയുധ എഴുത്തിലും അഭിനയിച്ചു. 2008 ല്‍ പുറത്തിറങ്ങിയ ഹൈജാക്കിന് ശേഷം ഇഷ രണ്ട് ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.















