ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററായ ഋഷഭ് പന്തിന് ഇനി കീപ്പിംഗ് കരിയർ തുടരാനാവുമോ എന്ന ആശങ്കിയിൽ മുൻതാരം. കാരണങ്ങൾ നിരത്തിയാണ് ഫാറോഖ് എഞ്ചിനിയർ ഇക്കാര്യം സമർത്ഥിക്കുന്നത്. ഋഷഭിന് ഇനി വിക്കറ്റ് കീപ്പിംഗ് കരിയർ മുന്നോട്ട് കൊണ്ടുപോകാനാവുമോ എന്ന കാര്യത്തിൽ എനിക്ക് ആശങ്കയുണ്ട്. ഒരിക്കൽ നിങ്ങളുടെ കൂർമ്മത നഷ്ടമായാൽ പിന്നീട് അത് തിരിച്ചുവരില്ല. പക്ഷേ അദ്ദേഹത്തിന്റെ ബാറ്റിംഗ് മികച്ചതാണ്. അദ്ദേഹത്തിന് ഇന്ത്യയുടെ മാച്ച് വിന്നറാകാൻ സാധിക്കും അദ്ദേഹത്തിന് ബാറ്റർ എന്ന നിലയിൽ വലിയ ആത്മവിശ്വാസമുണ്ട്.
താരത്തിന് കാലിനേറ്റ പരിക്കിന്റെ പശ്ചാത്തലത്തിലാണ് ഫാറോഖ് എഞ്ചിനിയറുടെ പരാമർശം. 2022 ഡിസംബർ 30-നായിരുന്നു ഡെറാഡൂൺ ഹൈവേയിൽ വച്ച് പന്ത് കാറപകടത്തിൽപ്പെട്ടത്. കാൽമുട്ടിനും നെറ്റിയിലും പരിക്കേറ്റ താരം ഇപ്പോഴും വിശ്രമത്തിലാണ്. അപകടത്തിൽ താരത്തിന്റെ കാൽമുട്ട് 180 ഡിഗ്രിയോളം തിരിഞ്ഞു പോയിരുന്നു.
ലിഗമെന്റിന് പരിക്കേറ്റ താരം നിരവധി ശസ്ത്രക്രിയയിലൂടെ കടന്നു പോയിരുന്നു. ഞരമ്പിന് പരിക്കേറ്റിരുന്നെങ്കിൽ കാൽ മുറിച്ചുകളയേണ്ട സ്ഥിതിയുണ്ടായേനെ എന്ന് പന്ത് അടുത്തിടെ വ്യക്തമാക്കിയിരുന്നു. വിക്കറ്റ് കീപ്പർ എന്ന നിലയിൽ ഇനി താരത്തിന് പഴയ പ്രകടനം പുറത്തെടുക്കാനാകുമോ എന്നാണ് ആരാധകരുടെ ആശങ്ക. ഈ സീസണിൽ താരം ഡൽഹിക്കായി ഐപിഎൽ കളിക്കാൻ ഇറങ്ങിയേക്കും.















