ന്യൂഡൽഹി: ചെങ്കടലിൽ വീണ്ടും ഹൂതികളുടെ ആക്രമണം. അമേരിക്കൻ-ബ്രിട്ടീഷ് കാർഗോ കപ്പലുകൾക്ക് നേരെ ഹൂതി വിമതർ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിടുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഇരുകപ്പലുകളും ഇന്ത്യയിലേക്ക് വരികയായിരുന്നുവെന്നാണ് റിപ്പോർട്ട്.
മാർഷൽ ദ്വീപസമൂഹത്തിന്റെ കപ്പലായ എംവി സ്റ്റാർ നാസിയയായിരുന്നു ആദ്യം ആക്രമിക്കപ്പെട്ടത്. മൂന്ന് മിസൈലുകൾ കപ്പലിനെ ലക്ഷ്യംവച്ച് ഹൂതികൾ തൊടുത്തുവിട്ടു. ഗ്രീക്ക് ഉടമസ്ഥതയിലുള്ള ചരക്കുകപ്പലാണിതെന്ന് അമേരിക്കൻ സൈന്യം വ്യക്തമാക്കി. രണ്ടാമത്തെ ആക്രമണമുണ്ടായത് എംവി മോർണിംഗ് ടൈഡ് എന്ന കപ്പലിന് നേരെയായിരുന്നു. ബാർബദോസിന്റെ ചരക്കുകപ്പലാണിത്. ബ്രിട്ടണിനാണ് ഇതിന്റെ ഉടമസ്ഥാവകാശം.
എംവി സ്റ്റാർ നാസിയക്ക് നേരെ ആദ്യം തൊടുത്തുവിട്ട മിസൈലിന്റെ ആഘാതത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രണ്ടാമത്തെ മിസൈൽ കപ്പലിന് പുറത്തേക്കായിരുന്നു പതിച്ചത്. മൂന്നാമത്തെ മിസൈലിനെ യുഎസ് യുദ്ധക്കപ്പൽ പ്രതിരോധിച്ചു.
ഇറാൻ പിന്തുണയോടെ യെമനിൽ പ്രവർത്തിക്കുന്ന വിമത സംഘടനയാണ് ഹൂതികൾ. അമേരിക്കൻ-ബ്രിട്ടീഷ് കപ്പലുകൾക്കും ജീവനക്കാർക്കും നേരെ ആക്രമണം നടത്തുന്നത് തുടരുമെന്നാണ് ഹൂതികളുടെ പ്രഖ്യാപനം. ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഹമാസിന് പിന്തുണ നൽകി ഇസ്രായേലിനെതിരെയാണ് ഹൂതികൾ പ്രവർത്തിക്കുന്നത്. ഗാസയിൽ നിന്നും മുഴുവൻ ഇസ്രായേൽ സൈന്യത്തെയും ഒഴിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും ഹൂതികൾ വ്യക്തമാക്കുന്നു.















