പുറത്താക്കിയ നായകനെ തിരികെ കൊണ്ടുവരാൻ പാകിസ്താൻ ക്രിക്കറ്റ് ടീം. ബാബർ അസമിനെയാണ് പാക് ടീം മടക്കിക്കൊണ്ടുവരാൻ ശ്രമിക്കുന്നത്. പാകിസ്താനിലെ പ്രമുഖ കായിക റിപ്പോർട്ടറായ ഖ്വാദിർ ഖവാജയാണ് ബോർഡിനെ ഉദ്ദരിച്ച് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. മുൻ നായകനുമായി പതിവായി ഉടക്കിട്ടിരുന്ന ചെയർമാൻ സാക്ക അഷ്റഫിനെ മാറ്റി പുതിയ ചെയർമാനെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരിഷ്കരണം എന്നാണ് വിവരം.
നേരത്തെ ടെസ്റ്റിൽ ക്യാപ്റ്റനായി തുടരാൻ ബാബറിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും താരം ഇതിന് വലയിയ താത്പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. പിന്നാലെ ഷാൻ മസൂദിനെ ക്യാപ്റ്റനാക്കിയിരുന്നു. ഷഹീൻ അഫ്രീദിയാണ് പുതിയ ടി20 നായകൻ. എന്നാൽ ടെസ്റ്റിൽ ഓസ്ട്രേലിയയോടും ടി20യിൽ ന്യൂസിലൻഡിനോടും തോറ്റ് തുന്നംപാടി പാകിസ്താൻ പരമ്പര നഷ്ടപ്പെടുത്തിയിരുന്നു.
സയിദ് മൊഹ്സിൻ റാസയാണ് മൂന്ന് വർഷത്തെ കാലാവധിയിൽ പുതിയ ചെയർമാനായി ചുമതലയേറ്റത്. ഇതിന് പിന്നാലെയാണ് പുതിയ നീക്കങ്ങൾ അണിയറയിൽ ഒരുങ്ങുന്നത്. ടീമിന്റെ ഡയറക്ടറായ മുഹമ്മദ് ഹഫീസിനോടും താരങ്ങൾക്ക് താത്പ്പര്യമില്ലെന്നാണ് വിവരം.