ഡൽഹി: സീറ്റ് വിഭജനത്തെച്ചൊല്ലി ഇൻഡി സഖ്യത്തിലുണ്ടായ ഭിന്നതയ്‌ക്ക് പിന്നാലെ കോൺഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ നാല്പത് സീറ്റെങ്കിലും കോൺഗ്രസിന് നേടാനാകട്ടെ എന്നും അവർക്ക് വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി പരിഹസിച്ചു. രാജ്യസഭയിൽ രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്‌ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
“2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 40 കടക്കാൻ കഴിയില്ലെന്ന വെല്ലുവിളി പശ്ചിമ ബംഗാളിൽ നിന്ന് ഉയർത്തിയിട്ടുണ്ട്. എന്നാൽ, നിങ്ങൾക്ക് 40 എണ്ണം ഉറപ്പാക്കാൻ കഴിയട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അധികാരക്കൊതിയിൽ ജനാധിപത്യത്തെ പരസ്യമായി കഴുത്തുഞെരിച്ചു കൊന്നവരാണ് കോൺഗ്രസ് പാർട്ടി. ഡസൻ കണക്കിന് തവണ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പിരിച്ചുവിട്ട കോൺഗ്രസ്. രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യത്തിന്റെ അന്തസ്സിനെയും ജയിലിൽ നിർത്തിയ കോൺഗ്രസ്. പത്രങ്ങൾ പൂട്ടാൻ ശ്രമിച്ച കോൺഗ്രസ്. രാജ്യത്തെ തകർക്കാൻ കോൺഗ്രസ് ആഖ്യാനങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. അങ്ങനെയുള്ള കോൺഗ്രസാണ് ജനാധിപത്യത്തെക്കുറിച്ച് നമ്മളെ പഠിപ്പിക്കാൻ ശ്രമിക്കുന്നത്”.
“ജാതിയുടെയും ഭാഷയുടെയും പേരിൽ രാജ്യത്തെ വിഭജിച്ചും തീവ്രവാദവും വിഘടനവാദവും രാജ്യത്ത് തഴച്ചുവളരാൻ അനുവദിച്ചവരുമാണ് കോൺഗ്രസ്. വടക്കുകിഴക്കൻ മേഖലയെ അവർ പിന്നോക്കാവസ്ഥയിലേക്ക് തള്ളിവിട്ടു. നക്സലിസം വളർത്തി. രാജ്യത്തിന്റെ ഭൂമി ശത്രുക്കൾക്ക് കൈമാറുക മാത്രമല്ല, സൈന്യത്തെ നവീകരിക്കാനും കോൺഗ്രസ് തയ്യാറായില്ല. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ 10 വർഷത്തിനുള്ളിൽ 12-ൽ നിന്ന് അഞ്ചാം സ്ഥാനത്തേക്ക് ഞങ്ങൾ കൊണ്ടുവന്നു. ഒബിസിക്ക് പൂർണ സംവരണം നൽകാത്ത, പൊതുവിഭാഗത്തിലെ പാവപ്പെട്ടവർക്ക് സംവരണം നൽകാത്ത കോൺഗ്രസ്, അംബേദ്കറെ ഭാരതരത്നയ്‌ക്ക് പോലും പരിഗണിച്ചില്ല. അങ്ങനെയുള്ളവരാണ് ഞങ്ങൾക്ക് ക്ലാസ് എടുക്കുന്നത്. നയത്തിലും നേതാവിലും ഒരു ഗ്യാരന്റിയുമില്ലാത്ത കോൺഗ്രസാണ് മോദിയുടെ ഗ്യാരന്റിയിൽ ചോദ്യം ഉന്നയിക്കുന്നത്”- പ്രധാനമന്ത്രി പറഞ്ഞു.