ന്യൂഡൽഹി: മ്യാൻമറിൽ കലാപം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗന്മാർ സുരക്ഷിതരായി രാജ്യത്ത് തിരികെ എത്തണമെന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ. മ്യാൻമറിലെ റാഖൈൻ മേഖലകളിൽ അക്രമം രൂക്ഷമാകുകയാണ്. ഈ സാഹര്യത്തിൽ മ്യാൻമറിലേക്കുള്ള വിനോദസഞ്ചാരങ്ങൾ നിർത്തലാക്കണമെന്നും മന്ത്രാലയം നിർദ്ദേശം നൽകി.
”മ്യാൻമറിൽ നിലനിൽക്കുന്ന കലാപങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർ തിരികെ രാജ്യത്തിലേക്ക് സുരക്ഷിതരായി മടങ്ങി വരേണ്ടതാണ്. ആശയവിനിമയം വിച്ഛേദിക്കപ്പെടുന്ന സാഹചര്യമാണ് നിലവിൽ മ്യാൻമറിലുള്ളത്. ഇതിനാൽ ഇന്ത്യൻ പൗരന്മാർ മ്യാൻമറിലേക്ക് വിനോദസഞ്ചാരങ്ങൾക്കായി പോകുന്നത് നിർത്തണമെന്നും മുന്നറിയിപ്പ് നൽകുന്നു.”- വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
2021 ഫെബ്രുവരി 1ന് ജനാധിപത്യഭരണം അട്ടിമറിച്ച് സൈന്യം മ്യാൻമർ പിടിച്ചടക്കിയതോടെ പൊട്ടിപ്പുറപ്പെട്ട കലാപം ഇപ്പോഴും തുടരുകയാണ്. ജനാധിപത്യഭരണം പുനഃ സ്ഥാപിക്കാൻ നടത്തിയ പ്രതിഷേധങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. രാജ്യത്തെ അക്രമങ്ങൾ പൂർണമായി നിർത്തലാക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയും മ്യാൻമറിന് നിർദ്ദേശം നൽകിയിരുന്നു. തുടർന്നും കലാപങ്ങൾ കെട്ടടങ്ങാത്ത സാഹര്യത്തിലാണ് ഇന്ത്യൻ പൗരന്മാർക്ക് മടങ്ങി വരാനുള്ള നിർദ്ദേശം വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്.