ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് തുല്യതയും സമത്വവും ഉറപ്പാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഉത്തരാഖണ്ഡ് എല്ലാ സമുദായങ്ങൾക്കും തുല്യമായ നിയമങ്ങൾ നടപ്പിലാക്കാൻ പോവുകയാണെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. എകീകൃത സിവിൽ കോഡ് പാസാക്കിയതിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഉത്തരാഖണ്ഡിന് ഇന്ന് സുപ്രധാന ദിനമാണ്. ഏറെ നാളത്തെ കാത്തിരിപ്പാണ് ഇന്ന് യാഥാർത്ഥ്യമായത്. സംസ്ഥാനത്തെ എല്ലാ ജനങ്ങളെയും അഭിനന്ദിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കാരണം, ഇന്ന് നമ്മുടെ ഉത്തരാഖണ്ഡ് നിയമസഭ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഈ ചരിത്ര നിമിഷത്തിൽ സഭ മാത്രമല്ല, ഉത്തരാഖണ്ഡിലെ ഓരോ പൗരനും അഭിമാനിക്കണം.
ബിൽ നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ നിരവധി ചോദ്യങ്ങളും സംശയങ്ങളും ഉയർന്നിരുന്നു. എന്നാൽ രണ്ട് ദിവസത്തെ ചർച്ചയിൽ എല്ലാം വ്യക്തമാക്കാൻ നമ്മുക്ക് സാധിച്ചു. ഈ നിയമം ആർക്കും എതിരല്ല. സമുദായങ്ങളുടെ നിയമങ്ങൾ കാരണം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സ്ത്രീകൾക്കുള്ളതാണിത്. സംസ്ഥാനത്ത് ഈ നിയമം വരുന്നതോടെ സ്ത്രീകളുടെ ആത്മവിശ്വാസം വർദ്ധിക്കും. സ്ത്രീകളുടെ സമഗ്രവികസനത്തിന് വേണ്ടിയാണ് ഈ നിയമം. ഏകീകൃത സിവിൽ കോഡ് ബില്ലിൽ രാഷ്‌ട്രപതി ഒപ്പിട്ടാലുടൻ സംസ്ഥാനത്ത് നടപ്പിലാക്കുമെന്നും ധാമി പറഞ്ഞു.















