തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധൂർത്തും അഴിമതിയും മറച്ചു പിടിക്കാനാണ് കേന്ദ്ര അവഗണന എന്നൊരു കഥയുണ്ടാക്കി പിണറായി സർക്കാർ ഡൽഹിയിൽ സമരത്തിന് പോയതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. 57,800 കോടി രൂപ കേന്ദ്രത്തിൽ നിന്നും കിട്ടാനുണ്ടെന്ന് പറയുന്നത് വെറും നുണയാണെന്നും വിഡി സതീശൻ പറഞ്ഞു. രൂക്ഷമായ ധനപ്രതിസന്ധിയിലും നിലയില്ലാക്കയത്തിലുമാണ് കേരളം എത്തി നിലക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ.
‘കേന്ദ്ര അവഗഗണനയാണെന്ന ഒരു കഥയുണ്ടാക്കി സംസ്ഥാനസർക്കാരിന്റെ കെടുകാര്യസ്ഥതയും ധൂർത്തും അഴിമതിയും മറച്ചുവെക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പിണറായി സർക്കാർ കോടതിയിൽ കൊടുത്തിരിക്കുന്നത് വേറെ കേസ്, ഡൽഹിയിൽ പറയുന്നത് മറ്റൊരു കേസ്, കേരളത്തിന്റെ നിയമസഭയിൽ പറയുന്നത് മറ്റൊരു കേസ്. പരസ്പരവിരുദ്ധമായാണ് കാര്യങ്ങൾ പറയുന്നത്.
57,800 കോടി രൂപ കേന്ദ്രത്തിൽ നിന്നും കിട്ടാനുണ്ടെന്ന് പറയുന്നത് വെറും നുണയാണ്. അത്, ഊതി പെരുപ്പിച്ച കണക്കാണ്. അത് വ്യക്തമായി നിയമസഭയിൽ ഞങ്ങൾ പറഞ്ഞതാണ്. ഇവരുടെ നികുതി പിരിവിലുണ്ടായ പരാജയം ധൂർത്തും അഴിമതിയുമാണ്, രൂക്ഷമായ ധനപ്രതിസന്ധിക്ക് കാരണം. ഇവർ 10-ാം ധനകാര്യ കമ്മീഷനെയും 15-ാം ധനകാര്യ കമ്മീഷനെയും തമ്മിൽ താരതമ്യപ്പെടുത്തി കേന്ദ്രത്തിൽ നിന്നും കിട്ടിയ വിഹിതത്തിന്റെ കുറവാണ് പറയുന്നത്. പത്താം ധനകാര്യ കമ്മീഷൻ ഉണ്ടായത് 1995-ലാണ്. 14-ാം ധനകാര്യ കമ്മീഷനെയും 15-ാം ധനകാര്യ കമ്മീഷനെയുമാണ് പറയേണ്ടത്. കർണാടക സർക്കാർ പറഞ്ഞതും അതു തന്നെയാണ്.
കർണാടക വരൾച്ച ദുരിതാശ്വാസത്തെക്കുറിച്ചാണ് പ്രതിഷേധത്തിൽ പറഞ്ഞത്. കർണാടക സർക്കാർ കേരള സർക്കാരിനെ പോലെയല്ല. ഇവിടത്തെ സർക്കാർ പെൻഷൻ പോലും കൊടുത്തിട്ടില്ല. ജീവനക്കാർക്ക് പണം കൊടുത്തിട്ടില്ല. ആർക്കും തന്നെ പണം നൽകിയിട്ടില്ല. വികസന പ്രവർത്തനങ്ങൾ ഒന്നും തന്നെയില്ല. വീണ്ടും കടമെടുക്കാനാണ് പോയിരിക്കുന്നത്.
സുപ്രീം കോടതി പറഞ്ഞിരിക്കുന്നത് ഇനി കടമെടുക്കരുതെന്നാണ്. ഇങ്ങനെയാണെങ്കിൽ കേരളം എവിടെ പോയി നിൽക്കും? അത്രയും രൂക്ഷമായ ധനപ്രതിസന്ധിയിലാണ് കേരളം എത്തി നിൽക്കുന്നത്. നിലയില്ലാക്കയത്തിലേക്ക് കേരളം പോകുന്ന അവസരത്തിൽ, ഡൽഹിയിൽ പോയി ഒരു സമരം നടത്തിയിട്ട് എന്താണ് കാര്യം. ഇത്രയും നാളായിട്ട് ഇതൊന്നും കണ്ടില്ലലോ. ഇനി രക്ഷയില്ലെന്ന് കണ്ടതോടെയാണ് ജനങ്ങളെ 1000 കള്ളം പറഞ്ഞ് കബളിപ്പിച്ച് സമരത്തിലേക്ക് പോയത്. ഇതാണ് ഇവരുടെ തന്ത്രം.’- വി ഡി സതീശൻ പറഞ്ഞു.