തുടർച്ചയായ ആറുമത്സരത്തിലും തോൽവിയറിയാതെയുള്ള വിജയരഥം തെളിച്ചാണ് ഇന്ത്യയുടെ കൗമാര പട അണ്ടർ19 ലോകകപ്പിലെ കലാശ പോരിന് ഇടംപിടിച്ചത്. സെമിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മാത്രമാണ് ഇന്ത്യയ്‌ക്ക് അൽപ്പമെങ്കിലും വെല്ലുവിളി നേരിടേണ്ടിവന്നത്. ചുരുക്കി പറഞ്ഞാണ് സീനിയേഴ്സിന്റെ ഏകദിന ലോകകപ്പ് യാത്രയ്‌ക്ക് സമാനമാണ് അനിയന്മാരുടെയും യാത്ര. ഇനി അറിയേണ്ടത് കലാശ പോരിൽ ചേട്ടന്മാർക്ക് കാലിടറിയപ്പോലെ ജൂനിയേഴ്സ് വീഴുമോ അതോ എതിരാളികളെ വീഴ്‌ത്തി കിരീടം ഉയർത്തുമോ എന്നതാണ്. തുടർച്ചയായ അഞ്ചാം ഫൈനലിലാണ് തോൽവിയറിയാതെ ഇന്ത്യ ടിക്കറ്റ് എടുത്തത്. ചേട്ടന്മാർ തുടച്ചയായി 10 മത്സരം ജയിച്ച ശേഷമാണ് ഫൈനലിൽ ഓസട്രേലിയക്കെതിരെ വീണു പോയത്. ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ വിജയികളാകും കൗമാരതാരങ്ങളുടെ എതിരാളികൾ. ഒന്നുകിൽ അത് ചിരവൈരികളായ പാകിസ്താനോ ഓസ്ട്രേലിയയോ ആകും.
പാകിസ്താനാണെങ്കിൽ ഒരുപിടി കണക്കുകൾ തീർക്കാമെന്ന ആവേശത്തിലാകും ഇന്ത്യൻ ആരാധകർ. അവർക്ക് മത്സരം ഒരു വിരുന്നാകും. ഇനി ഓസീസ് ആണെങ്കിൽ ചേട്ടന്മാരെ കരയിച്ചതിന്റെ വിഷമമാണ് തീർക്കാനുള്ളത്.
എതിരാളി ആരായാലും ആവേശം കൊടുമുടി കയറുമെന്ന കാര്യത്തിൽ തർക്കമില്ല. ഗ്രൂപ്പ് ചാമ്പ്യൻ പട്ടവുമായാണ് ഓസ്‌ട്രേലിയയും പാകിസ്താനും സൂപ്പര്‍ സിക്‌സിലെത്തിയത്.
ഇന്ത്യയുടെ നാൾവഴികൾ ആധികാരികമായിരുന്നു. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ 84 റൺസ് വിജയം. തുടരെയുള്ള മത്സരങ്ങളിൽ അയർലൻഡിനെയും അമേരിക്കയെയും 201 റൺസിന് തകർത്തു. ന്യൂസിലൻഡിന് മേലെയും ഇരുന്നൂറിലേറെ റൺസിന്റെ ആധികാരിക വിജയം. നേപ്പാളിനെ 132 റൺസിന് വീഴ്‌ത്തിയപ്പോൾ ആകെ പതറിയത് സെമിയിൽ മാത്രം. എങ്കിലും ആതിഥേയരെ 2 വിക്കറ്റിന് തോൽപ്പിച്ച് ഫൈനൽ സീറ്റുറപ്പിക്കാൻ ഇന്ത്യക്കായി. അവസ്മരണീയ തിരിച്ചുവരവിനൊടുവിലാണ് ഇന്ത്യ വിജയവും ഫൈനൽ ബെർത്തും ഉറപ്പിച്ചത്. ഞായറാഴ്ച സഹാറ പാർക്കിലാണ് കലാശ പോര്. ഉച്ചയ്‌ക്ക് 1.30ന് മത്സരം ആരംഭിക്കും.