കേരളത്തിൽ യുട്യൂബ് ശ്രദ്ധയാകർഷിച്ച് തുടങ്ങിയിട്ട് മൂന്നോ നാലോ വർഷമേ ആകുകയുള്ളൂ. എന്നാൽ, അതിലും 1,2 വർഷങ്ങൾക്ക് മുമ്പ് യുട്യൂബറായ വ്യക്തിയാണ് കാർത്തിക് സൂര്യ. ഇപ്പോൾ അവതാരകനായും മറ്റ് പ്രോഗ്രാമുകളായും കാർത്തിക് സൂര്യ തിരക്കിലാണെങ്കിലും വ്ലോഗ് ഇടുന്ന ദിവസമൊക്കെ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടാറുണ്ട്. തന്റെ ജീവിതവുമായി ബന്ധപ്പെട്ടിട്ടുള്ള വ്ലോഗുകളാണ് കാർത്തിക് കൂടുതലായും പങ്കുവക്കുന്നത്.
ഇത്തരത്തിൽ കാർത്തിക് സൂര്യ കഴിഞ്ഞ ആഴ്ച താൻ അഗ്നിക്കാവടി എടുക്കുന്ന വീഡിയോയും പങ്കുവച്ചിരുന്നു. തെക്കൻ കേരളത്തിലെ സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ ഉത്സവത്തിന്റെ ഭാഗമായിട്ടാണ് അഗ്നിക്കാവടി എടുക്കുന്നത്. കാപ്പണിഞ്ഞ സ്വാമിമാരാണ് അഗ്നിയിലൂടെ കാവടി നടത്തുന്നത്. കാർത്തിക് സൂര്യയും ഇത്തരത്തിൽ വ്രതമെടുത്ത് അഗ്നിയിലൂടെ നടന്നിരുന്നു. ഒപ്പം കവിളിൽ വേൽ കുത്തുകയും ചെയ്തിട്ടുണ്ടായിരുന്നു. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം ചർച്ചയാകുകയും കൂടാതെ, നിരവധി വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ഇപ്പോഴിതാ, തനിക്കെതിരെ ഉയർന്ന വിമർശനങ്ങളോട് പ്രതികരിക്കുകയാണ് കാർത്തിക് സൂര്യ.
‘ഞാനൊരു ദൈവ വിശ്വാസിയാണ്. 16-ാം വയസിലാണ് ആദ്യമായി കാവടി എടുത്തത്. പിന്നീട് പഠനവും മറ്റ് കാര്യങ്ങളുമായി മുന്നോട്ട് പോയതിനാൽ കാവടി എടുക്കാൻ സാധിച്ചിരുന്നില്ല. 2023-എന്നെ സംബന്ധിച്ച് അത്ര നല്ല വർഷമായിരുന്നു. മലേഷ്യയിൽ യാത്ര ചെയ്തപ്പോൾ, ബാട്ടു കേവ്‌സ് എന്ന സ്ഥലത്തെ ഒരു മുരുക ക്ഷേത്രത്തിൽ പോയി. വലിയ മലയിലൂടെ 272 പടി കയറി വേണം മുരുകനെ കാണാൻ. അവിടെ എത്തിയപ്പോൾ മനസും ഭയങ്കരമായി കൂളായി. അന്നാണ് വേല്‍ കുത്തി അഗ്‌നിക്കാവടി എടുക്കണമെന്ന ആഗ്രഹം മനസിലുണ്ടായത്.
യാത്ര കഴിഞ്ഞ് നാട്ടിൽ വന്ന ആദ്യ ദിവസം നോക്കിയത് തൈപ്പൂയം എന്നാണെന്നാണ്. എന്റെ ഷെഡ്യൂള്‍ അതിന് അനുസരിച്ച് ക്രമീകരിച്ച് 21 ദിവസത്തെ വ്രതവും എടുത്തു. അതായിരുന്നു എന്റെ ആദ്യത്തെ അഗ്നിക്കാവടി. മുമ്പും വേൽക്കുത്തിയിട്ടുണ്ട്. അത് വേലായിരുന്നു. അഗ്‍നിക്കാവടി എടുക്കുമ്പോൾ ഒരിക്കലും വലിയ വേൽ കുത്താൻ കഴിയില്ല. അതുകൊണ്ട് ചെറിയ വേലായിരുന്നു കുത്തിയത്.
എനിക്കുണ്ടായ അനുഭവം പറയാം, കാവടിക്ക് വേൽ കുത്തുമ്പോൾ ശരീരം ശുദ്ധിയായിരിക്കണം. അപ്പോഴത്തെ ഏക ലക്ഷ്യം കാവടി എടുക്കുന്നതും വേൽ എടുത്ത് ഭഗവാന്റെ അനുഗ്രഹം വാങ്ങിക്കുന്നതും ആകണം. 16-ാമത്തെ വയസില്‍ വ്രതത്തിന്റെ തുടക്കത്തില്‍ എനിക്ക് അനുഗ്രഹം കിട്ടിയിട്ടില്ലായിരുന്നു. അന്ന് 71 ദിവസത്തെ വ്രതമാണ് എടുത്തത്.
എന്റെ 16-ാം വയസിലായിരുന്നു. കാപ്പ് കെട്ടുമ്പോഴായിരുന്നു അനുഗ്രഹം കിട്ടിയത്. അന്നും ഇതേ പോലെയാണ് അനുഗ്രഹം ലഭിച്ചിരുന്നു. ദൈവത്തോട് കരഞ്ഞ് പ്രാര്‍ത്ഥിക്കുന്ന ഒരു സമയത്ത് തനിയെ വരുന്നതാണ് അത്. അപ്പോഴുണ്ടാകുന്ന മാനസിക സമാധാനം പറഞ്ഞറിയിക്കാന്‍ കഴിയില്ല. അത് അനുഭവിച്ചിട്ടില്ലാത്തവരോട് എത്ര പറഞ്ഞാലും മനസിലാകുകയില്ല.’- കാർത്തിക് സൂര്യ പറഞ്ഞു.















