ശ്രീനഗർ: ഈ കഴിഞ്ഞ 43 വർഷത്തിനിടെ ജമ്മുകശ്മീരിലെ ഏറ്റവും വരണ്ടതും ചൂടേറിയതുമായ മാസം ജനുവരിയെന്ന് റിപ്പോർട്ട്. ശ്രീനഗറിൽ ഉൾപ്പെടെ ജമ്മുകശ്മീരിന്റെ നിരവധി പ്രദേശങ്ങളിൽ താരതമ്യേന വലിയ ചൂടാണ് രേഖപ്പെടുത്തിയത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
മഞ്ഞു വീഴ്ചയും മഴയും പ്രദേശത്ത് ഇത്തവണ ഏറ്റവും കുറവാണ് രേഖപ്പെടുത്തിയത്. ഈ വർഷം തുടക്കത്തിൽ 3.0 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. ഇതിന് മുമ്പ് 2018-ലാണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്. 1.2 മില്ലിമീറ്റർ മഴയും മഞ്ഞും മാത്രമാണ് അക്കാലയളവിൽ ലഭ്യമായത്.
ശ്രീനഗറിൽ രേഖപ്പെടുത്തിയ പരമാവധി താപനില 11.9 ഡിഗ്രി സെൽഷ്യസാണ്. കഴിഞ്ഞ 43 വർഷത്തിനിടയിൽ ജനുവരി മാസത്തെ ഉയർന്ന ശരാശരി താപനിലയാണിത്. എക്‌സിലൂടെയാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടിരിക്കുന്നത്. മുമ്പ് 1983-ലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. അന്ന് 13.4 ഡിഗ്രി സെൽഷ്യസായിരുന്നു താപനില.