ബെനോനി: അണ്ടർ–19 ലോകകപ്പ് രണ്ടാം സെമിയിൽ പാകിസ്താനെ വീഴ്‌ത്തി ഓസീസ് ഫൈനലിൽ. ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടും. രണ്ടാം സെമിയിൽ പാക്കിസ്താനെ ഒരു വിക്കറ്റിന് തോൽപ്പിച്ചാണ് ഓസ്ട്രേലിയ ഫൈനലിൽ ഇടം പിടിച്ചത്. ഈ വരുന്ന 11നാണ് ഫൈനൽ. അണ്ടർ19 ലോകകപ്പിന്റെ ഫൈനലിൽ ഇത് തുടർച്ചയായ അഞ്ചാം വർഷമാണ് ഇന്ത്യ കളിക്കുന്നത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 48.5 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് നേടിയത്. 52 റൺസ് വീതം നേടിയ അസൻ അവൈസും അറാഫത്ത് മിൻഹാസും 17 റൺസ് നേടിയ ഷാമിൽ ഹുസൈനുമാണ് പാക് നിരയിൽ രണ്ടക്കം തികച്ചത്. 9.5 ഓവറിൽ 6 വിക്കറ്റുകൾ വീഴ്‌ത്തിയ ഓസ്ട്രേലിയൻ ബോളർ ടോം സ്ട്രാക്കറാണ് പാക് നിരയുടെ പരാജയത്തിന് പ്രധാന സംഭാവന നൽകിയത്.
പിന്നാലെ 180 റൺസ് വിജയ പ്രതീക്ഷയുമായ ബാറ്റിംഗിനിറങ്ങിയ ഓസീസിന്റെ ഹാരി ഡിക്സൻ (50), ഒലിവർ പീക് (49), ടോം കാംപെൽ (25), സാം കൊൻസ്റ്റാസ് (14), റാഫ് മക്‌മില്ലൻ (19) എന്നിവരാണ് നിർണ്ണായക വിജയം സമ്മാനിച്ചത്. 10 ഓവറിൽ നിന്ന് 20 റൺസ് വിട്ടുനൽകി രണ്ട് വിക്കറ്റ് സ്വന്തമാക്കിയ പാകിസ്താൻ ബോളർ അറാഫത്ത് മിൻഹാസ് മികച്ച മത്സരം പുറത്തെടുത്തു.















