കൊച്ചി: കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ട കേസിൽ ഐഎസ്ഐഎസ് ഭീകരൻ അബൂബക്കറിന്റെ ശിക്ഷാവിധി ഇന്ന്. കൊച്ചിയിലെ എൻഐഎ കോടതിയാകും വിധി പറയുക. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞിരുന്നു.
യുഎപിഎ പ്രകാരമുള്ള രണ്ട് കുറ്റങ്ങൾ ഉൾപ്പടെ പ്രതിക്കെതിരെ മൂന്ന് കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. കാസർകോട് ഐഎസ് കേസിന്റെ തുടർച്ചയായി നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസ് അബൂബക്കർ എൻഐഎയുടെ പിടിയിലായത്. അഞ്ച് വർഷത്തിലേറെയായി അബൂബക്കർ ജയിലിലാണ്.
സംസ്ഥാനത്ത് ചാവേറാക്രമണം നടത്താൻ പദ്ധതിയിട്ടുവെന്ന് തെളിയിക്കുന്ന സുപ്രധാന തെളിവുകൾ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സ്വയം ചാവേറായി ആക്രമണം നടത്താൻ ഒരുങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. വോയിസ് ക്ലിപ്പുകളിൽ നിന്നും മറ്റും ഇത് വ്യക്തമായിരുന്നു. കേസിൽ ഇയാൾ ഉൾപ്പടെ മൂന്ന് പേരാണുണ്ടായിരുന്നത്. പിന്നീട് രണ്ട് പേർ മാപ്പുസാക്ഷികളായി.















