ന്യൂഡൽഹി: കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച ധവളപത്രത്തെ കുറിച്ചുള്ള ചർച്ച ഇന്ന് ലോക്സഭയിൽ നടക്കും. യുപിഎ ഭരണകാലത്തെ സാമ്പത്തിക കെടുകാര്യസ്ഥത വ്യക്തമാക്കുന്ന 60 പേജുള്ള ധവളപത്രമാണ് ധനമന്ത്രി ലോക്സഭയിൽ അവതരിപ്പിച്ചത്. ഇന്ന് നടക്കുന്ന ചർച്ചയിൽ കേന്ദ്രമന്ത്രിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ പ്രതിപക്ഷം വിയർക്കുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.
2014-ന് മുമ്പ് സമ്പദ് വ്യവസ്ഥ ഏത് അവസ്ഥയിലൂടെയാണ് കടന്നുപോയതെന്നും മോദി സർക്കാർ എങ്ങനെ അതിൽ നിന്നും രാജ്യത്തെ കരകയറ്റിയെന്നും വിവരിക്കുന്നതാണ് കേന്ദ്രമന്ത്രി അവതരിപ്പിച്ച ധവളപത്രം. 2014-വരെ രാജ്യം എങ്ങനെയായിരുന്നു ഇപ്പോൾ എവിടെയെത്തി നിൽക്കുന്നുവെന്നും കാണിക്കുന്നതാണിത്. വാജ്‌പേയി സർക്കാരിന് പിന്നാലെ അധികാരത്തിലെത്തിയ യുപിഎയ്‌ക്ക് ശക്തമായ സമ്പദ്‌വ്യവസ്ഥയാണ് ലഭിച്ചത്. എന്നാൽ കോൺഗ്രസ് മുന്നണി അതിനെ നശിപ്പിച്ചതായും ധവളപത്രം വ്യക്തമാക്കി.
മുൻ സർക്കാർ അവശേഷിപ്പിച്ച വെല്ലുവിളികളെ എൻഡിഎ സർക്കാർ വിജയകരമായി തരണം ചെയ്തു. 2047-ഓടെ ഇന്ത്യ ഒരു വികസിത രാഷ്‌ട്രമാകും. നമ്മുടെ കർത്തവ്യ കാലമാണിതെന്നും ധവളപത്രം അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. ബജറ്റ് മൂലധനചെലവ് 2014 സാമ്പത്തിക വർഷം മുതൽ 2024 സാമ്പത്തിക വർഷം വരെ അഞ്ചിരട്ടിയായാണ് വർദ്ധിച്ചത്.
യുപിഎ സർക്കാർ ഭരിച്ചിരുന്നപ്പോൾ രാജ്യത്ത് സാമ്പത്തിക കെടുകാര്യസ്ഥതയും സാമ്പത്തിക അച്ചടക്കമില്ലായ്മയും ഉണ്ടായിരുന്നതായി കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യത്ത് നിരവധി അഴിമതികളും നടന്നതായി ധവളപത്രത്തിൽ വ്യക്തമാക്കി. വലിയ ധനക്കമ്മി സൃഷ്ടിച്ച യുപിഎ സർക്കാർ പുറത്തുനിന്നും വൻതോതിൽ കടം വാങ്ങിയിരുന്നതായും രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം അവഗണിച്ചിരുന്നതായും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.