ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നാണ് കാർഷിക ശാസ്ത്രജ്ഞനും മലയാളിയുമായ എം.എസ് സ്വാമിനാഥൻ അറിയപ്പെടുന്നത്. രാജ്യത്തെ സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രതിഭയ്‌ക്ക് രാജ്യം ഭാരത രത്ന പ്രഖ്യാപിക്കുമ്പോൾ മലയാളിക്ക് ഇത് ഇരട്ടി മധുരമാണ്. എംജിആറിന് ശേഷം ഭാരതരത്ന ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം.എസ് സ്വാമിനാഥൻ. ഇന്ത്യയുടെ കാർഷിക ജാതകം തിരുത്തി കുറിച്ച മഹാപ്രതിഭയ്‌ക്ക് മരണാനന്തര ബഹുമതി ആയാണ് രാജ്യത്തെ പരമോന്നത ബഹുമതി നൽകുന്നത്.
ടൈം മാഗസിൻ അവലോകന പ്രകാരം 20-ാം നൂറ്റാണ്ടിൽ ഏഷ്യ കണ്ടതിൽ വച്ച് ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരിൽ ഒരാളായിരുന്നു എം.എസ് സ്വാമിനാഥൻ. 1925 ഓഗസ്റ്റ് ഏഴിന് ആലപ്പുഴ ജില്ലയിലെ മങ്കൊമ്പ് എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ ജനനം. കുഭകോണത്തായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഇന്നത്തെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് സൂവോളജിയിലും കോയമ്പത്തൂർ അഗ്രികൾച്ചറൽ കോളേജിൽ നിന്ന് കൃഷിയിലും അദ്ദേഹം ബിരുദം കരസ്ഥമാക്കി. 1949-ൽ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സൈറ്റോ ജനറ്റിക്സിൽ ബിരുദാനന്തരബിരുദവും സ്വാമിനാഥൻ കരസ്ഥമാക്കി. തുടർന്ന് കേംബ്രിഡ്ജിൽ നിന്ന് പിഎച്ച്ഡി നേടി.
പരിസ്ഥിതിക്ക് ഇണങ്ങും വിധത്തിലുള്ളതും വർദ്ധിച്ച ഉത്പാദന ശേഷിയുള്ളതുമായ വിത്തിനങ്ങൾ വികസിപ്പിച്ച് കർഷകർക്കിടയിൽ പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. 1943-ൽ ബംഗാൾ ക്ഷാമകാലത്ത് നിരവധി മനുഷ്യർ പട്ടിണിയിൽ അകപ്പെട്ട് മരണത്തിന് കീഴ്പ്പെടുന്നത് സ്വാമിനാഥന്റെ ശ്രദ്ധയിൽപ്പെട്ടു. അവിടെ നിന്നും രാജ്യത്ത് വിപ്ലവം ജനിക്കുകയായിരുന്നു.
രാജ്യത്തെ പട്ടിണിയിൽ നിന്നും ദാരിദ്രത്തിൽ നിന്നും മുക്തമാക്കണമെന്നും അതിനായി ജീവൻ ത്യജിക്കുകയും ചെയ്യാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് ഭാരതത്തെ കാർഷിക ഉന്നതിയിലേക്കും സ്വയംപര്യപ്തതയിലേക്കും നയിച്ചത്. 1954-ൽ കട്ടക്കിലെ സെൻട്രൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി. 1966-ൽ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പദവി. 1972-വരെ ഈ പദവിയിൽ തുടർന്നു.
1972 മുതൽ 79 വരെ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഡയറക്ടർ ജനറലായിരുന്നു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും ആസൂത്രണ കമ്മീഷൻ അംഗവുമായി. 1982-ൽ ഫിലിപ്പെെൻസിലെ ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഏഷ്യക്കാരനായ ആദ്യത്തെ ഡയറക്ടറായി. 1987-ൽ കാർഷിക രംഗത്തെ നോബേൽ സമ്മാനം എന്നറിയപ്പെടുന്ന വേൾഡ് ഫുഡ് പ്രൈസും അദ്ദേഹം കരസ്ഥമാക്കി.















