എറണാകുളം: സ്വകാര്യ ബസിലുണ്ടായ തർക്കത്തിനിടെ വിദ്യാർത്ഥിയുടെ നെഞ്ചിൽ കടിച്ച് ബസ് കണ്ടക്ടർ. ഇടപ്പള്ളി സെന്റ് ജോർജ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ വി.ജെ കൃഷ്ണജിത്തിനെയാണ് ബസ് കണ്ടക്ടർ കടിച്ചത്. നെഞ്ചിൽ കടിയേറ്റ വിദ്യാർത്ഥി തൃക്കാര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ടക്ടർക്കെതിരെ പോലീസിലും ബാലാവകാശ കമ്മീഷനിലും മോട്ടോർ വാഹന വകുപ്പിനും പരാതി നൽകിയിട്ടുണ്ട്.
ഇന്നലെ വൈകിട്ടോടെയാണ് മദീന ബസിലെ കണ്ടക്ടർ വിദ്യാർത്ഥിയുമായി സംഘർഷത്തിലേർപ്പെട്ടത്. ഇടപ്പള്ളിയിൽ നിന്നും ബസിൽ കയറിയ വിദ്യാർത്ഥിയോട് കണ്ടക്ടർ പല തവണ മോശമായി പെരുമാറിയിരുന്നു. ബസിൽ കയറിയ വിദ്യാർത്ഥിയോട് മാറി നിൽക്കാൻ ആവശ്യപ്പെടുകയും ഇവിടെ നിന്നാൽ പോരെ എന്ന് കുട്ടി ചോദിച്ചപ്പോൾ ബസ് കണ്ടക്ടർ പ്രകോപിതനായി. തുടർന്ന് ഇയാൾ കുട്ടിയെ അടിക്കുകയും നെഞ്ചിൽ കടിക്കുകയുമായിരുന്നു. വിദ്യാർത്ഥിയുടെ നെഞ്ചിൽ പല്ല് ആഴ്ന്നിറങ്ങിയതിന്റെ പാടുകളുണ്ട്. തുടർന്ന് ബസിലുണ്ടായിരുന്ന മറ്റു യാത്രികരാണ് ഇയാളെ പിടിച്ചു മാറ്റിയത്. ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.