തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. ആൾമാറാട്ടം നടത്തിയത് ഉദ്യോഗാർത്ഥിയുടെ സഹോദരനെന്ന് പോലീസ്. അമൽജിത്തിന്റെ സഹോദരൻ അഖിൽജിത്താണ് പരീക്ഷ എഴുതാൻ എത്തിയതെന്നാണ് പോലീസ് വിലയിരുത്തൽ. പരീക്ഷാ ഹാളിൽ നിന്നും ഓടിരക്ഷപ്പെട്ടത് അഖിൽജിത്താണെന്നും യുവാവിനെ ഇവിടെ നിന്നും രക്ഷപ്പെടുത്തിയത് അമൽജിത്താണെന്നും പോലീസ് വ്യക്തമാക്കി. നിലവിൽ ഇരുവരും ഒളിവിലാണ്.
പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് സ്‌കൂളിൽ നടന്ന സർവകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷയിലാണ് സഹോദരങ്ങൾ തട്ടിപ്പ് നടത്തിയത്. തിരുവനന്തപുരം നേമം സ്വദേശികളാണ് ഇരുവരും. മേലാംകോട് ശ്രീഹരി സദനത്തിൽ അമൽജിത്ത് എന്ന പേരിലാണ് ആൾമാറാട്ടത്തിലൂടെ യുവാവ് പരീക്ഷ എഴുതാൻ എത്തിയത്. ഹാജർ രജിസ്റ്ററിൽ ഒപ്പിട്ട ഇയാൾ തിരിച്ചറിയൽ രേഖയായി ഹാജരാക്കിയത് ഡ്രൈവിംഗ് ലൈസൻസ് ആയിരുന്നു.
ഇൻവിജിലേറ്റർ ഇത് പരിശോധിച്ചു. ഇതിന് ശേഷമാണ് ബയോമെട്രിക് പരിശോധനയ്‌ക്ക് ഉദ്യോഗസ്ഥനെത്തുന്നത്. പിഎസ്‌സി ആദ്യമായി ബയോമെട്രിക് പരിശോധന നടപ്പിലാക്കിയ പരീക്ഷയായിരുന്നു ഇത്. ഉദ്യോഗാർത്ഥികളുടെ വിരൽ വച്ച് പരിശോധന നടത്തവെ ഹാളിൽ നിന്നും ഒരാൾ പുറത്തേക്ക് ഇറങ്ങിയോടി. തുടർന്ന് ഇയാൾ മറ്റൊരാൾക്കൊപ്പം ബൈക്കിൽ കയറി രക്ഷപ്പെടുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി.















