തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ പ്രതികൾ കോടതിയിൽ കീഴടങ്ങി. നേമം സ്വദേശികളും സഹോദരങ്ങളുമായ അമൽ ജിത്ത്, അഖിൽ ജിത്ത് എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. അമൽജിത്തിന് വേണ്ടി സഹോദരൻ അഖിൽ ജിത്താണ് ആൾമാറാട്ടം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇരുവരെയും വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റഡി അപേക്ഷ നൽകുമെന്ന് പോലീസ് അറിയിച്ചു.
പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് സ്‌കൂളിൽ നടന്ന സർവകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷയിലാണ് സഹോദരങ്ങൾ തട്ടിപ്പ് നടത്തിയത്. പരീക്ഷയ്‌ക്കിടെ ബയോമെട്രിക് പരിശോധനക്കെത്തിയപ്പോഴാണ് ഒരു ഉദ്യോഗാർത്ഥി ഹാളിൽ നിന്നും ഓടി രക്ഷപ്പെട്ടത്. മേലാംകോട് ശ്രീഹരി സദനത്തിൽ അമൽജിത്ത് എന്ന പേരിലാണ് ആൾമാറാട്ടത്തിലൂടെ യുവാവ് പരീക്ഷ എഴുതാൻ എത്തിയത്. പരീക്ഷ ഹാളിൽ നിന്നും ഇറങ്ങി ഓടിയ യുവാവിനെ ബൈക്കിൽ കാത്തുനിന്ന മറ്റൊരു യുവാവ് കയറ്റി കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇത് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് സഹോദരങ്ങൾ കോടതിയിൽ കീഴടങ്ങിയിരിക്കുന്നത്.