ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനായി 96.88 കോടി വോട്ടർമാർ രജിസ്റ്റർ ചെയ്തതായി കണക്കുകൾ പുറത്ത്. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെയുള്ള റിപ്പോർട്ടുകളിൽ ഏറ്റവും അധികം വോട്ടർമാരുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത് ഇത്തവണയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
18-നും 29-നും ഇടയിൽ പ്രായമുള്ള രണ്ട് കോടി പൗരന്മാരാണ് വോട്ടർ പട്ടികയിലുള്ളത്. കഴിഞ്ഞ തവണയേക്കാൾ 7.2 കോടി വോട്ടർമാരുടെ വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 2024 ജനുവരി ഒന്ന് യോഗ്യതാ തീയതിയായാണ് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു.
വോട്ടർ പട്ടികയിൽ സ്ത്രീകളുടെ എണ്ണവും ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ഇത് രാജ്യത്തെ ജനാധിപത്യ ഘടനയുടെ രൂപീകരണത്തിൽ സ്ത്രീകളുടെ പ്രാധാന്യം വ്യക്തമാക്കുന്നുവെന്ന് പോൾ ബോഡി വ്യക്തമാക്കി. 2.6 കോടിയിൽ അധികം പുതിയ വോട്ടർമാരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 1.41 കോടി സ്ത്രീകളും 1.22 കോടി പുരുഷന്മാരുമാണ്.
49.71 കോടി പുരുഷ വോട്ടർമാരും 47.15 കോടി സ്ത്രീ വോട്ടർമാരുമാണ് ഇത്തവണ വോട്ട് ചെയ്യാനെത്തുക. കൂടാതെ 48,000 പേർ ട്രാൻസ്ജൻഡർ വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്. 80 വയസ് കഴിഞ്ഞ 1.85 കോടി പൗരന്മാരും വോട്ടർ പട്ടികയിലുണ്ട്. വീടുകളിലെത്തി സർവേ നടത്തിയതിൽ നിന്നും 1,65,76,654 പേരുകൾ ഇല്ലാതാക്കി. മരിച്ചവരുടെയും സ്ഥിരമായി സ്ഥലം മാറിയവരുടെയും (വോട്ട് ചെയ്യാൻ ഹാജരാകാത്തവർ) ഡ്യൂപ്ലിക്കേറ്റ് വോട്ടർമാരുടെയും പേരുകൾ ഇതിൽ ഉൾപ്പെടുന്നു.















