തിരുവനന്തപുരം: ഭാരതീയ വിചാര കേന്ദ്രത്തിലെ എല്ലാവരുടെയും പ്രചോദനവും മാർഗ ദർശിയുമാണ് പരമേശ്വരനെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ. പ്രവർത്തിക്കുന്ന മണ്ഡലങ്ങളിലെല്ലാം ഒരു ഉത്തമതയോടെ പ്രവർത്തിച്ച വ്യക്തിയാണെന്നും അർത്ഥപൂർണമായ ഒരു യാത്ര പൂർത്തിയാക്കിയതിന് ശേഷമാണ് അദ്ദേഹം നമ്മെ വിട്ടു പോയതെന്നും ആർ. സഞ്ജയൻ പറഞ്ഞു. ചിന്തകനും എഴുത്തുകാരനും ഭാരതീയ വിചാരകേന്ദ്രം സ്ഥാപക ഡയറക്ടറുമായ പി. പരമേശ്വരന്റെ നാലാം സ്മൃതി ദിനത്തോടനുബന്ധിച്ച് അനുസ്മരണയോഗത്തിൽ സംസാരിക്കുകയായിരുന്നു ആർ. സഞ്ജയൻ.
‘ഭാരതീയ വിചാര കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറാണ് പരമേശ്വർജി. നമ്മുടെയൊക്കെ പ്രചോദന കേന്ദ്രം കൂടിയാണ് അദ്ദേഹം. നമ്മുടെ മാർഗ ദീപവുമാണ്. പരമേശ്വർജിയെക്കുറിച്ച് പറയുമ്പോൾ ഒരുപാട് വിശേഷണങ്ങളുണ്ട്. ഒരു പക്ഷെ, വൈവിധ്യമായ മണ്ഡലങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ആളുകൾ വളരെ കുറവാണ്. പ്രവർത്തിക്കുന്ന മണ്ഡലങ്ങളിലെല്ലാം ഒരു ഉത്തമതയോടെ പ്രവർത്തിക്കാൻ കഴിയുന്നവരും വളരെ അപൂർവ്വമാണ്. എന്നാൽ, അദ്ദേഹത്തിന് അതൊക്കെയും സാധിച്ചിരുന്നു. രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രചാരകനായാണ് അദ്ദേഹം പ്രവർത്തനം ആരംഭിച്ചത്. ഏതാണ്ട് 7 പതിറ്റാണ്ടോളം അദ്ദേഹം ആ നിലയിൽ പൊതുരംഗത്ത് പ്രവർത്തിച്ചു. ഇത്രയും കാലഘട്ടം അത്യന്തം സക്രിയമായ പ്രവർത്തനങ്ങളാണ് പൊതുരംഗത്ത് അദ്ദേഹം നടത്തിയിട്ടുള്ളത്.
ദേശീയ രാഷ്‌ട്രീയത്തിന്റെ അഗ്രഗണ്യനായി പ്രവർത്തിച്ചു. അതുകൊണ്ട് തന്നെ ഏത് സംഭവ വികാസത്തിന്റെയും പിന്നിലുള്ള രഷ്‌ട്രീയമായ ധ്വനികളുടെ അർത്ഥം മനസിലാക്കുന്നൊരാളാണ്. അക്കാലത്തെ വിപുലമായ രാഷ്‌ട്രീയ പ്രവർത്തകൻ, ദേശീയ ചിന്തയുടെ സൈദ്ധാന്തികൻ എന്ന നിലയിലാണ് പൊതു സമൂഹം അദ്ദേഹത്തെ നോക്കി കണ്ടത്. ആർഎസ്എസ് എന്ന ആധുനിക ഭാരതത്തിലെ മഹത്തായ പ്രസ്ഥാനത്തിന്റെ പ്രചാരകൻ എന്ന നിലയിൽ നിന്നുകൊണ്ടു മാത്രമേ, നമുക്ക് പരമേശ്വർ ജിയെ പോലുള്ള ആളുകളുടെ പ്രവർത്തനത്തിന്റെ ശരിയായ രീതി മനസിലാകുകയുള്ളൂ.
ഡോ.ഹെഡ്ഗേവർ 200 വർഷങ്ങൾക്ക് മുമ്പ് ഭാരതത്തെ ഉയർത്തുവാൻ ഒരു ചെറിയ പ്രവർത്തനം ആരംഭിക്കുമ്പോൾ അദ്ദേഹത്തിന് തന്റെ പ്രവർത്തനത്തെക്കുറിച്ച് സമ്പൂർണമായ ബോദ്ധ്യമുണ്ടായിരുന്നു. അദ്ദേഹം സൈദ്ധാന്തികനായിരുന്നില്ല, ഭാരതത്തെ രൂപപ്പെടുത്താനുള്ള രാഷ്‌ട്രീയ പ്രവർത്തനമായിരുന്നു. അദ്ദേഹം വ്യക്തികളോട് കുറച്ച് വാക്കുകളിൽ അവരോട് ഹൃദയങ്ങളിലാണ് സംസാരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്നതിന് സാക്ഷിയായതിന് ശേഷമാണ് പരമേശ്വർജി ഇവിടം വിട്ട് പോയത്. അർത്ഥപൂർണമായ സഫലമായ ഒരു യാത്ര പൂർത്തിയാക്കിയതിന് ശേഷമാണ് പരമേശ്വർജി നമ്മെ വിട്ടുപോയത്.’- ആർ. സഞ്ജയൻ അനുസ്മരിച്ചു.















