മലയാള സിനിമയിൽ വാഹനപ്രിയരായിട്ടുള്ള ചുരുക്കം ചില നടിമാരാണുള്ളത്. അക്കൂട്ടത്തിൽ എടുത്ത് പറയേണ്ട നടിയാണ് മംമ്ത മോഹൻദാസ്. വാഹനങ്ങളോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് ഒട്ടുമിക്കപ്പോഴും താരം തുറന്ന് പറഞ്ഞിട്ടുമുണ്ട്. കുറച്ച് നാളുകൾക്ക് മുമ്പാണ് നടി പോർഷെ 911 കരേര എസ് സ്പോർട്സ് കാർ സ്വന്തമാക്കിയത്. ഇപ്പോഴിതാ, മറ്റൊരു കാർ സ്വന്തമാക്കിയ സന്തോഷവാർത്തയാണ് പുറത്ത് വിട്ടിരിക്കുന്നത്.
ബിഎംഡബ്ല്യുവിന്റെ 2 സീറ്റ് കൺവേർട്ടബിൾ സി4 കാറാണ് മംമ്ത സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് തണ്ടർലൈറ്റ് മെറ്റാലിക് നിറത്തിലുള്ള വാഹനം പുറത്തിറക്കിയത്. 90.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. കസ്റ്റമൈസേഷൻ അനുസരിച്ച് വിലയും കൂടും. ഏതായാലും ഒരു കോടിയോ അതിന് മുകളിലോ രൂപയ്‌ക്കാണ് താരം കാർ സ്വന്തമാക്കിയിരിക്കുന്നത്.















