ബാഗ്ദാദ്: ഭീകര സംഘടനയായ കതൈബ് ഹിസ്ബുള്ളയിലെ തലവന്മാരിൽ ഒരാളെ വധിച്ച് അമേരിക്കൻ സൈന്യം. തങ്ങളുടെ സൈനികരെ ആക്രമിച്ചതിലുള്ള പ്രത്യാക്രമണമാണ് യു എസ് സൈന്യം നടത്തിയത്. ഇറാഖിൽ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിലായിരുന്നു കൊലപാതകം. പെന്‍റഗൺ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. എന്നാൽ, കൊലപ്പെടുത്തിയ ഭീകരന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.
‘ഇറാഖിൽ കതൈബ് ഹിസ്ബുള്ളക്കെതിരെ യു എസ് സൈനികർ ആക്രമണം നടത്തി. യുഎസ് സർവീസ് അംഗങ്ങൾക്കെതിരായ ആക്രമണത്തിന് മറുപടിയായിട്ടായിരുന്നു ആക്രമണം. അമേരിക്കൻ സൈനികർക്കെതിരെയുള്ള ആക്രമണത്തിന് നേരിട്ട് പങ്കാളിത്തമുള്ളതും ആസൂത്രകരിൽ ഒരാളുമായ കതൈബ് ഹിസ്ബുള്ള ഭീകരനെ കൊലപ്പെടുത്തി.’- എന്നായിരുന്നു സൈന്യത്തിന്റെ പ്രസ്താവന.
എന്നാൽ, യുഎസ് സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് കതൈബ് ഹിസ്ബുള്ളയുടെ സിറിയ ഓപ്പറേഷൻസ് മേധാവി വിസാം മുഹമ്മദ് അബൂബക്കർ അൽ-സാദിയയാണെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങളുമുണ്ട്. ആക്രമണത്തിൽ സാധാരണക്കാർക്ക് പരിക്കേറ്റിട്ടില്ലെന്നും സൈന്യം അറിയിച്ചു. അമേരിക്കൻ പൗരന്മാരെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. യുഎസ് സൈന്യത്തിന് നേരെ ആക്രമണം അഴിച്ചുവിടുന്നവരെ ശക്തമായി നേരിടുമെന്ന് പെന്‍റഗൺ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.















