ന്യൂഡൽഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 370 സീറ്റുകളും എൻഡിഎ 400 സീറ്റുകളും നേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നാം തവണയും സർക്കാർ രൂപീകരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് തങ്ങൾക്ക് സംശയവുമില്ല. എന്നാൽ തങ്ങൾ വീണ്ടും പ്രതിപക്ഷ ബഞ്ചിൽ ഇരിക്കേണ്ടിവരുമെന്ന കാര്യം പ്രതിപക്ഷ പാർട്ടികൾ തിരിച്ചറിഞ്ഞിട്ടില്ല. 2024ലെ തിരഞ്ഞെടുപ്പ് എൻഡിഎയും പ്രതിപക്ഷ കക്ഷിയും തമ്മിലുള്ളതായിരിക്കില്ല, വികസനവും മുദ്രാവാക്യവും വിളിക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കും അദ്ദേഹം പറഞ്ഞു. ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
കോൺഗ്രസ് നേതാവ് രാഹുലിന്റെ ഭാരത് ജോഡോ യാത്രയെക്കുറിച്ചുള്ള ചോദ്യത്തിന് അമിത്ഷായുടെ പ്രതീകരണം ഇതായിരുന്നു. 1947 ലെ രാജ്യ വിഭജനത്തിന് ഉത്തരവാദിയായതിനാൽ ഇത്തരമൊരു പരിപാടിയുമായി മുന്നോട്ട് പോകാൻ നെഹ്റു-ഗാന്ധി സന്തതികൾക്ക് അവകാശമില്ല, അദ്ദേഹം വിമർശിച്ചു.
2014 ൽ അധികാരത്തിൽ നിന്ന് പുറത്ത് പോയ യുപിഎ സർക്കാർ രാജ്യത്തിന് എന്ത് മാത്രം കുഴപ്പമാണ് സൃഷ്ടിച്ചതെന്ന് അറിയാൻ ജനങ്ങൾക്ക് പൂർണ്ണ അവകാശമുണ്ട്. 2014 ൽ സമ്പദ്വ്യവസ്ഥ മോശമായ അവസ്ഥയിലായിരുന്നു. എല്ലായിടത്തും അഴിമതിയായിരുന്നു, വിദേശ നിക്ഷേപം വന്നിരുന്നില്ല. ആ സമയത്ത് ഒരു ധവളപത്രം പുറത്തിറക്കിയിരുന്നെങ്കിൽ അത് ലോകത്തിന് തെറ്റായ സന്ദേശം നൽകുമായിരുന്നു. 10 വർഷത്തിന് ശേഷം സർക്കാർ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിച്ചു, വിദേശ നിക്ഷേപം കൊണ്ടുവന്നു, അഴിമതി ഇല്ലാതാക്കി. അതിനാൽ തന്നെ ധവളപത്രം പ്രസിദ്ധീകരിക്കാനുള്ള ശരിയായ സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കും. നിയമം സംബന്ധിച്ച് മുസ്ലീം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം പലഭാഗത്ത് നിന്നും നടക്കുന്നു. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് കടുത്ത പീഡനം എറ്റുവാങ്ങി ഇന്ത്യയിലെത്തിയവർക്ക് പൗരത്വം നൽകാനാണ് ഉദ്ദേശിക്കുന്നത്. ഇത് ആരുടെയും ഇന്ത്യൻ പൗരത്വം തട്ടിയെടുക്കാനുള്ളതല്ല, അദ്ദേഹം വ്യക്തമാക്കി.
ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയത് ഒരു സാമൂഹിക മാറ്റമാണ്. ഒരു മതേതര രാജ്യത്തിന് മതാധിഷ്ഠിത നിയമങ്ങൾ ഉണ്ടാകാൻ പാടില്ല. രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഒപ്പിട്ട ഭരണഘടനാപരമായ അജണ്ടയാണിത്, പ്രീണനം മൂലം കോൺഗ്രസ് പിന്നീട് ഏകീകൃത സിവിൽ കോഡിനെ അവഗണിക്കുകയായിരുന്നു, അദ്ദേഹം ചൂണ്ടിക്കാട്ടി.