ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന് കേന്ദ്രസർക്കാർ ഭാരതരത്ന പ്രഖ്യാപിച്ചതിന് പിന്നാലെ നെഹ്‌റു കുടുംബത്തെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് അദ്ദേഹത്തിന്റെ ചെറുമകൻ എൻ.വി സുഭാഷ്. കോൺഗ്രസിന്റെ പരാജയങ്ങൾക്ക് നരസിംഹ റാവുവിനെ ബലിയാടാക്കുന്നതിൽ നെഹ്‌റു കുടുംബം പങ്കുവഹിച്ചെന്നാണ് ആരോപണം.
‘പി.വി. നരസിംഹ റാവു കോൺഗ്രസുകാരനാണെങ്കിലും പ്രധാനമന്ത്രി മോദിക്ക് കീഴിലുള്ള സർക്കാർ അദ്ദേഹത്തിന് പരമോന്നത സിവിലിയൻ പുരസ്‌കാരം നൽകി ആദരിച്ചു. പക്ഷേ ഈ അവസരത്തിൽ യുപിഎ സർക്കാരിനെയും നെഹ്‌റു കുടുംബത്തെയും താൻ കുറ്റപ്പെടുത്തുകയാണ്. യുപിഎ സർക്കാരിന്റെ ഭരണകാലത്ത് അദ്ദേഹത്തിന് ഭാരത്‌രത്‌ന നൽകിയില്ല. ഭാരത് രത്‌നയെന്നല്ല ഒരു പുരസ്‌കാരവും നൽകിയില്ല. കോൺഗ്രസിന്റെ പരാജയങ്ങൾക്ക് നരസിംഹ റാവുവിനെ ബലിയാടാക്കുന്നതിൽ മാത്രമാണ് നെഹ്‌റു കുടുംബം പങ്കുവഹിച്ചത്- അദ്ദേഹം പറഞ്ഞു.
മറ്റ് നേതാക്കളെ അംഗീകരിക്കുന്ന പ്രധാനമന്ത്രിയുടെ നിലപാട് ഏറെ അഭിമാനകരമാണ്. ഈ അംഗീകാരം ഞങ്ങൾക്ക് വലിയൊരു ബഹുമതിയാണ്. ഭാരത് രത്‌ന കിട്ടാൻ ഇനിയും വൈകുമെന്നാണ് തങ്ങൾ പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.