ന്യൂഡൽഹി: ജമ്മുകശ്മീരിലെ 15 ഇടങ്ങളിലായി ദേശീയ അന്വേഷണ ഏജൻസിയുടെ പരിശോധന. നിരോധിത സംഘടനയായ ജമാഅത്ത്-ഇ-ഇസ്ലാമിയുമായി (JeI) ബന്ധപ്പെട്ട തീവ്രവാദ ഫണ്ടിംഗ് കേസിന്റെ ഭാഗമായിട്ടായിരുന്നു എൻഐഎ റെയ്ഡ്. തുടർന്ന് 20 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തു.
ശ്രീനഗർ, ബുദ്ഗാം, കുൽഗാം ജമ്മു, അനന്തനാഗ് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ് നടന്നത്. ജമഅത്ത്-ഇ-ഇസ്ലാമിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റൽ രേഖകളും പരിശോധനയിൽ കണ്ടെത്തി. 2021 ഫെബ്രുവരി അഞ്ചിന് രജിസ്റ്റർ ചെയ്ത തീവ്രവാദ ഫണ്ടിംഗ് കേസാണ് റെയ്ഡിന് ആധാരം.
2019ൽ സംഘടന നിരോധിച്ചതിന് ശേഷവും ജമാഅത്ത്-ഇ-ഇസ്ലാമിയുടെ അംഗങ്ങൾ ജമ്മുകശ്മീരിൽ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന പല പ്രവർത്തനങ്ങളും നടത്തിയെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ‘ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള സംഭാവന’കളുടെ രൂപത്തിൽ ഇന്ത്യക്ക് അകത്ത് നിന്നും പുറത്ത് നിന്നും ഭീകരവാദത്തിനായി ജമാഅത്ത്-ഇ-ഇസ്ലാമി ഫണ്ട് സ്വീകരിച്ചിരുന്നു. ഈ തുക മറ്റ് ഭീകരസംഘടനകളായ ഹിസ്ബുൾ മുജാഹിദ്ദീനും ലഷ്കർ ഇ ത്വയ്ബയ്‌ക്കും അടക്കം പങ്കുവച്ചതായും എൻഐഎ പറയുന്നു.















