ന്യൂഡൽഹി: 75 വർഷം രാജ്യത്തെ ജനങ്ങൾ ഇന്ത്യൻ പീനൽ കോഡിനെ അനുസരിച്ചാണ് ജീവിച്ചതെങ്കിൽ ഭാവി തലമുറ ന്യായസംഹിതയിൽ വിശ്വസിച്ചായിരിക്കും ജീവിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 17-ാം ലോകസഭ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം.
ബ്രിട്ടീഷുകാർ തയ്യാറാക്കിയ പീനൽകോഡ് പിന്തുടർന്നാണ് 75 വർഷം ഭാരതീയർ ജീവിച്ചത്. എന്നാൽ വരും തലമുറ തീർച്ചയായും ന്യായസംഹിതയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ജീവിക്കുക. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പീനൽ കോഡിൽ ഉൾപ്പെടുത്തിയിരുന്ന 60 ഓളം നിയമങ്ങളാണ് എടുത്ത് മാറ്റിയത്. യുവാക്കളുടെ ഉന്നമനത്തിൽ പ്രാധാന്യം നൽകുന്ന നിയമങ്ങളെ കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഒപ്പം നാഷണൽ റിസർച്ച് ഫൗണ്ടേഷൻ ആക്ടിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഭാരതത്തെ നവീകരണത്തിന്റെ ആഗോള കേന്ദ്രമാക്കി മാറ്റാൻ ഈ നിയമം സഹായിക്കും പ്രധാനമന്ത്രി അറിയിച്ചു.
21-ാം നൂറ്റാണ്ടിൽ ലോകത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ മാറിയിരിക്കുന്നു. ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ആക്ടിനെ പറ്റിയും ഭാവി തലമുറയിൽ അതിന്റെ പ്രധാന്യത്തെ പറ്റിയും അദ്ദേഹം സംസാരിച്ചു. ശീതകാല സമ്മേളനത്തിൽ ഇന്ത്യൻ പീനൽകോഡ്, ഇന്ത്യൻ എവിഡൻസ് ആക്ട്, ക്രിമിനൽ പ്രൊസീജിയർ എന്നീ നിയമ സംഹിതകൾക്ക് പകരമായി ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യാ ആക്ട് എന്നിവ പാസാക്കി. ഡിസംബർ 25 ന് രാഷ്‌ട്രപതി ദ്രൗപദി മുർമു മൂന്ന് പുതിയ ക്രിമിനൽ നിയമ ബില്ലുകൾ പാസാക്കുകയും ചെയ്തിരുന്നു.
ഭാരതീയ ന്യായ സംഹിതയിൽ 358 വകുപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 20 പുതിയ ക്രിമിനൽ നിയമങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 33 കുറ്റകൃത്യങ്ങൾ വധശിക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 83 കുറ്റകൃത്യങ്ങളുടെ പിഴയും വർദ്ധിപ്പിച്ചിട്ടുണ്ട്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിൽ 531 വകുപ്പുകളാണുള്ളത്. ഇതിൽ 177 നിയമങ്ങൾക്ക് മാറ്റം വരുത്തിയിട്ടുണ്ട്. 9 പുതിയ സെക്ഷനുകളും 39 സബ് സെക്ഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ കരട് നിയമത്തിൽ 44 പുതിയ സബ് സെക്ഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാരതീയ സാക്ഷ്യാ അധിനിയത്തിൽ 170 വ്യവസ്ഥകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 24 വ്യവസ്ഥകൾക്ക് മാറ്റം വരുത്തിയിട്ടുണ്ട്. പുതിയതായി രണ്ട് വ്യവസ്ഥകളും ആറ് ഉപവ്യവസ്ഥകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ആറ് വ്യവസ്ഥകൾ റദ്ദ് ചെയ്തിട്ടുമുണ്ട്.