തൃശൂർ: കേരളഗാനം, ചുള്ളിക്കാട് വിഷയങ്ങളിൽ കുറ്റം ഏറ്റെടുത്ത് സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ കെ സച്ചിദാനന്ദൻ. മറ്റുള്ളവരുടെ തെറ്റുകൾ ഏറ്റെടുത്ത് കുരിശിലേറുക മഹത് പ്രവൃത്തിയാണ്. തനിക്ക് പങ്കില്ലാത്ത പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നുവെന്നും സച്ചിദാനന്ദൻ പറഞ്ഞു. ഫേസ്ബുക്കിലാണ് കുറ്റം ഏറ്റെടുത്തിരിക്കുന്ന രീതിയിലുള്ള പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
സാഹിത്യ അക്കാദമിയെ വെട്ടിലാക്കിയ വലിയ വിവാദങ്ങളായിരുന്നു കേരളഗാനം, ചുള്ളിക്കാട് വിഷയങ്ങൾ. സാഹിത്യോത്സവത്തിന് വിളിച്ച് വരുത്തി മതിയായ യാത്രാക്കൂലി ഇല്ലാതെ മടക്കി അയച്ചെന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ആരോപണം വലിയ വിമർശനങ്ങൾക്ക് വഴിതെളിയിച്ചിരുന്നു. അതിന് പിന്നാലെയായിരുന്നു കേരള ഗാനത്തിന്റെ പേരിൽ അക്കാദമി വെട്ടിലായത്. ശ്രീകുമാരൻ തമ്പിയോട് അക്കാദമി അങ്ങോട്ടായിരുന്നു കേരള ഗാനം ആവശ്യപ്പെട്ടത്. എന്നാൽ ഈ ഗാനം മതിയായ കാരണങ്ങളില്ലാതെ തളളുകയും മറ്റൊരാളുടെ ഗാനം ഏറ്റെടുക്കുകയും ചെയ്തിരുന്നു. വലിയ വാദ പ്രതിവാദങ്ങൾക്കാണ് ഈ രണ്ട് സംഭവങ്ങളും വഴിവച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം,
മറ്റുള്ളവരുടെ തെറ്റുകൾ, അഥവാ തെറ്റുകൾ എന്ന് വിലയിരുത്തപ്പെടുന്നവ ഏറ്റെടുത്ത് കുരിശിൽ ഏറുക ഒരു മഹത്പ്രവൃത്തിയാണ്. നിയമം യാന്ത്രികമായി അനുസരിച്ച ഒരു പാവം ഓഫീസ് ജീവനക്കാരിയുടെതായാലും, പ്രശസ്തനായ ഒരു പാട്ടെഴുത്തുകാരനോട് ഒരു ഗാനം ഒരു ഉദ്യോഗസ്ഥൻ വഴി ആവശ്യപ്പെടുകയും അത് സകാരണം തിരസ്‌കരിക്കുകയും ചെയ്ത ഒരു ഉദ്യോഗസ്ഥ യുടേതായാലും. ഞാൻ തികഞ്ഞ നിസ്സംഗതയോടെ എനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നു. സെൻ ബുദ്ധിസം എന്നെ പഠിപ്പിച്ചത് അതാണ്, ബൈബിളും.















