ഹൈദരാബാദ്: തെലുങ്ക് സുപ്പർതാരം മഹേഷ് ബാബുവിന്റെ മകളുടെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ പ്രചരിക്കുന്നതായി പരാതി. മകൾ സിത്താരയുടെ പേരിൽ ഇൻസ്റ്റഗ്രാമിലാണ് വ്യാജ അക്കൗണ്ട് നിർമ്മിച്ചിരിക്കുന്നത്. ഈ അക്കൗണ്ടിലൂടെ മകളുടെ പേരിൽ പണപ്പിരിവ് നടന്നെന്ന വിവരം ലഭിച്ചതോടെയാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്.
സംഭവത്തിൽ പോലീസിൽ പരാതി നൽകിയെന്ന് ഇൻസ്റ്റഗ്രാമിലൂടെ മഹേഷ് ബാബുവിന്റെ ഭാര്യ നമ്രത അറിയിച്ചു. ഇതിന് പിന്നിൽ ആരാണെങ്കിലും കർശന നടപടി സ്വീകരിക്കണമെന്നും നമ്രത ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതികരിച്ച് മഹേഷ് ബാബുവും രംഗത്തെത്തിയിരുന്നു. ആൾമാറാട്ടത്തിന് പിന്നിൽ ആരായാലും കണ്ടുപിടിക്കുമെന്നായിരുന്നു മഹേഷ് ബാബുവിന്റെ പ്രതികരണം.
മകളുടെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം അക്കൗണ്ടും മഹേഷ് ബാബു പങ്കുവച്ചു. വ്യാജ അക്കൗണ്ടുകളിൽ വിശ്വസിക്കാതിരിക്കുക. സിത്താരയുടെ അക്കൗണ്ടാണെന്ന് കൃത്യമായി ഉറപ്പുവരുത്തിയ ശേഷം ഫോളോ ചെയ്യണം. വ്യാജ അക്കൗണ്ടിൽ നിന്ന് സന്ദേശങ്ങൾ ലഭിച്ചാൽ ചതിയിൽപ്പെടരുതെന്നും മഹേഷ് ബാബു പറഞ്ഞു. സംഭവത്തിൽ കേസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.















