വയനാട്: മാനന്തവാടിയിൽ ജനവാസ മേഖലയിലെത്തി ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഖ്‌നയുള്ള സ്ഥലം തിരിച്ചറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ. ബാവലി സെക്ഷനിലെ വനമേഖലയിൽ നിന്ന് ആനയുടെ സിഗ്നൽ ലഭിച്ചിരുന്നു. ഇതേ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടിലേക്ക് പോകുകയും ആന നിലവിലുള്ള പ്രദേശം വളയുകയും ചെയ്‌തെന്നാണ് സൂചന.
ബാവലിക്കടുത്ത് അമ്പത്തിയെട്ടിനടുത്താണ് നിലവിൽ ആനയുള്ളത്. ആനയെ തളയ്‌ക്കുന്നതിനായി കോന്നി സുരേന്ദ്രൻ, വിക്രം, സൂര്യ, ഭരത് എന്നീ കുങ്കിയാനകൾ ബാവലി മേഖലയിൽ എത്തിയിട്ടുണ്ട്. ആനയെ കാട്ടിൽ നിന്നും പുറത്തേക്ക് എത്തിച്ചതിന് ശേഷം വൈകുന്നേരത്തോടെ മയക്കുവെടി വെക്കാനാണ് നീക്കം. നിലവിൽ ആനയുള്ള ഇടത്തേക്ക് വാഹനം എത്തിക്കുക എന്നത് പ്രയാസകരമാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
മയക്കുവെടി വയ്‌ക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമെ റവന്യൂ-പോലീസ് ഉദ്യോഗസ്ഥരും പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് ജനങ്ങൾ അനാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങരുതെന്ന കർശന ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.















