തിരുവനന്തപുരം: കേരളഗാനത്തിന്റെ പേരിൽ സാഹിത്യ അക്കാദമിയും ശ്രീകുമാരൻ തമ്പിയും തമ്മിലുള്ള പോര് മുറുകുന്നു. കേരളഗാനം, ബാലചന്ദ്രൻ ചുള്ളിക്കാട് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട വിമർശനങ്ങളുടെ കുറ്റം അക്കാദമി അദ്ധ്യക്ഷൻ സച്ചിദാനന്ദൻ ഏറ്റേടുത്തിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കുറ്റസമ്മതം. ഇതിന് പിന്നാലെയാണ് കെ. സച്ചിദാനന്ദനെ പരിഹസിച്ച് ശ്രീകുമാരൻ തമ്പി രംഗത്തെത്തിയത്. ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാൻ യേശുക്രിസ്തുവിനു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു, ‘മഹത് പ്രവൃത്തി’കൾക്ക് ഉത്തമമാതൃക എന്നിങ്ങനെയാണ് ശ്രീകുമാരൻ തമ്പിയുടെ പരിഹാസ വാക്കുകൾ. സാഹിത്യ അക്കാദമി അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് അദ്ദേഹം തത്കാലം തന്റെ ത്യാഗം തുടരുന്നുവെന്നും ശ്രീകുമാരൻ തമ്പി പരിഹസിച്ചു. ഫേസ്ബുക്കിലൂടെയാണ് ശ്രീകുമാരൻ തമ്പിയുടെ പരിഹാസം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;
ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാൻ യേശുക്രിസ്തുവിനു ശേഷം ആര് ? എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. ‘മഹത് പ്രവൃത്തി’കൾക്ക് ഉത്തമമാതൃക! തൽക്കാലം അദ്ദേഹം കേരളസാഹിത്യ അക്കാദമിയിൽ അധ്യക്ഷസ്ഥാനത്തിരുന്ന് തന്റെ ത്യാഗം തുടരുന്നു. ഞാനോ വെറുമൊരു പാമരനാം പാട്ടെഴുത്തുകാരൻ! ഒറ്റവാക്കിൽ പറഞ്ഞാൽ ‘ക്‌ളീഷേ’പക്ഷേ, ഒരാശ്വാസമുണ്ട്. മഹാനായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനും പാട്ടെഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ പ്രധാനകൃതിയുടെ പേര് ”അദ്ധ്യാത്മരാമായണം കിളിപ്പാട്ട്” –എന്നാണല്ലോ..
മറ്റുള്ളവരുടെ തെറ്റുകൾ ഏറ്റെടുത്ത് കുരിശിലേറുന്നത് മഹത്പ്രവൃത്തിയാണെന്നാണ് സച്ചിദാനന്ദൻ ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചത്. പ്രതിഫലത്തുകയുമായി ബന്ധപ്പെട്ട് ബാലചന്ദ്രൻ ചുള്ളിക്കാടും കേരള ഗാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ശ്രീകുമാരൻ തമ്പിയും ഉയർത്തിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സച്ചിദാനന്ദന്റെ പ്രതികരണം.