തിരുവനന്തപുരം: ഡോ. വന്ദനാ ദാസ് കൊലപാതക കേസിലെ പ്രതി സന്ദീപിന് മാനസികാരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് റിപ്പോർട്ട്. രണ്ട് തവണയായി സന്ദീപിനെ പരിശേധിച്ച ഡോക്ടർമാർ ഉൾപ്പെടുന്ന വിദഗ്ധ സംഘത്തിന്റേതാണ് റിപ്പോർട്ട്. തനിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി കേസിൽ നിന്ന് രക്ഷപ്പെടാൻ സന്ദീപ് പലതവണ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാനസികാരോഗ്യ പരിശോധനയ്‌ക്ക് സന്ദീപിനെ വിധേയനാക്കിയത്. ഇയാൾക്ക് യാതൊരു വിധത്തിലുള്ള മാനസിക പ്രശ്‌നങ്ങളുമില്ലെന്നാണ് ഡോക്ടർമാരുടെ റിപ്പോർട്ട്.
ആദ്യം പരിശോധിച്ച മെഡിക്കൽ സംഘം റിപ്പോർട്ട് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പത്ത് ദിവസത്തെ പരിശോധനക്കായി ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചത്. പ്രത്യേക വൈദ്യ സംഘം പത്ത് ദിവസം സന്ദീപിനെ പരിശോധിച്ചു. ഇയാൾക്ക് പ്രശ്‌നങ്ങളില്ലെന്ന് ഈ ഡോക്ടർമാരും റിപ്പോർട്ട് നൽകി. ഇതോടെ കേസിൽ നിന്ന് രക്ഷപ്പെടാൻ സന്ദീപിന് കഴിയില്ലെന്നാണ് പോലീസുകാർ പറയുന്നത്.
നേരത്തെ ഹൈക്കോടതി സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിലെ അതീവ സുരക്ഷ വിഭാഗത്തിലാണ് സന്ദീപ് കഴിയുന്നത്. അതേസമയം കേസ് സിബിഐ ഏറ്റെടുക്കണമെന്നാണ് വന്ദനാ ദാസിന്റെ കുടുംബത്തിന്റെ ആവശ്യം.















