ന്യൂഡൽഹി : ഇന്ത്യയിൽ 800 കോടി ഡോളറിന്റെ (66,411 കോടി രൂപ) നിക്ഷേപം നടത്താൻ തയ്യാറായി ഇസ്രായേലി കമ്പനിയായ ‘ടവർ സെമികണ്ടക്ടർ’ . ഇതിന് ആവശ്യമായ അനുമതിയും കമ്പനി കേന്ദ്രസർക്കാരിൽ നിന്ന് തേടിയിട്ടുണ്ട്. നാനോമീറ്റർ ചിപ്പുകൾ ഇന്ത്യയിൽ നിർമിക്കുമെന്ന് കമ്പനി അറിയിച്ചു.
മോദി സർക്കാരിന്റെ പ്രധാന ബിസിനസ് അജണ്ടകളിൽ ഒന്നാണ് സെമികണ്ടക്ടർ. ഇതിനായി കേന്ദ്രസർക്കാർ 2021 ഡിസംബറിൽ 10 ബില്യൺ ഡോളറിന്റെ പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. 2023 ഒക്ടോബറിൽ കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറും ‘ടവർ സെമികണ്ടക്ടർ’ സിഇഒ റസ്സൽ സി എൽവാംഗറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു . ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നവോർ ഗില്ലനും യോഗത്തിൽ പങ്കെടുത്തു. അർദ്ധചാലക മേഖലയിൽ ഇന്ത്യയും ഇസ്രായേൽ കമ്പനിയും തമ്മിലുള്ള പങ്കാളിത്തത്തെ കുറിച്ച് ആ സമയത്തും ചർച്ചകൾ നടന്നിരുന്നു.
2022-ൽ, ‘ടവർ സെമികണ്ടക്ടർ’ കൂടി ഭാഗമായ ഇൻ്റർനാഷണൽ സെമികണ്ടക്ടർ കൺസോർഷ്യം (ഐഎസ്എംസി) ഇന്ത്യയുടെ അർദ്ധചാലക പദ്ധതിയിൽ പങ്കാളിയാകാൻ മുന്നോട്ട് വന്നിരുന്നു.
ഇൻ്റൽ സിഇഒ പീറ്റ് ഗെൽസിംഗറും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. 2022 ൽ അദ്ദേഹം മന്ത്രി അശ്വിനി വൈഷ്ണവിനെയും കണ്ടു. മുന്നൂറിലധികം സ്ഥാപനങ്ങളും കമ്പനികളും ഇതിന്റെ ഉപഭോക്താക്കളാണ്. അമേരിക്കയുടെ മൈക്രോൺ കമ്പനിയും ഇന്ത്യയിൽ വൻ നിക്ഷേപം പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന 90 ശതമാനം ചിപ്പുകളും ഇറക്കുമതിയാണ്. യുഎസ്, യുറോപ്യന്‍ യൂണിയന് എന്നിവിടങ്ങളിലും സ്ഥിതി ഇതുപോലെയൊക്കെത്തന്നെ. ചൈന, തായ്വാൻ പോലുള്ള രാജ്യങ്ങളെയാണ് ഇന്ത്യയുള്പ്പടെയുള്ളവര് സെമികണ്ടക്ടര്‍ ചിപ്പുകള്‍ക്കായി ആശ്രയിച്ചുവരുന്നത്.