പത്തനംതിട്ട: സേവാഭാരതി കുളനടയുടെ നേതൃത്വത്തിൽ ഭൂരഹിതരായ നാല് കുടുംബങ്ങൾക്ക് വീട് വയ്‌ക്കുവാനായി 25 സെന്റ് ഭൂമി നൽകി. കുളനട ഞെട്ടൂർ മനു ഭവൻ മാധവൻ നായർ, ഗോപാലകൃഷ്ണൻ നായർ, ഗണേശൻ നായർ എന്നീ സഹോദരങ്ങളാണ് ദാനമായി ഭൂമി നൽകിയത്.
ജെ. സതിയമ്മ, ആർ. മഞ്ജു, രമണിയമ്മ, പി. പ്രശാന്ത് എന്നിവർക്കാണ് ഭൂമി ലഭിച്ചത്. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തികരിച്ച് ആധാരം കഴിഞ്ഞ ദിവസം കുടുംബങ്ങൾക്ക് കൈമാറി.
കുളനട ദേവീക്ഷേത്ര മൈതാനിയിൽ നടന്ന ചടങ്ങിൽ സഹോദരങ്ങൾ ചേർന്ന് ഭൂമിയുടെ രേഖകൾ സേവാഭാരതി നിശ്ചയിച്ച ആളുകൾക്ക് കൈമാറി. സേവാഭാരതി കുളനടയുടെ പ്രസിഡന്റ് ജി.സന്തോഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. സേവാഭാരതിയുടെ ശബരിമല പ്രവർത്തനത്തിന് ചുക്കാൻ പിടിച്ച ശബരിമല തിരുവാഭരണ വാഹകനായ ഭാസ്‌കര കുറുപ്പ് (ഓമനക്കുട്ടൻ സ്വാമി), ഭൂമിയുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിച്ച ലാൻഡ്മാർക്ക് എഞ്ചിനീയറിംഗ് സൊല്യൂഷൻ ഉടമ ബിനീഷ് കുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കുളനട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ മോഹൻദാസ്, സേവാഭാരതിയുടെ രക്ഷാധികാരി സി. എൻ ഹരികുമാർ, സെക്രട്ടറി കെ.ആർ സുജിത്ത്, ഖജാൻജി അരുൺ കുമാർ പി എൻ, മീഡിയ കോർഡിനേറ്റർ സോമൻ കെ ആർ എന്നിവരും സേവാഭാരതി കുളനടയുടെ പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.