എറണാകുളം: തൃപ്പൂണിത്തുറ തെക്കുംഭാഗത്ത് പടക്ക സംഭരണശാലയിൽ സ്‌ഫോടനം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറു പേരിൽ രണ്ട് പേരുടെ നിലഗുരുതരമാണ്. സമീപത്തെ 25 ഓളം വീടുകൾക്കും സ്ഫോടനത്തിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇതിൽ പത്തോളം വീടുകൾ തകർന്നു.
പാലക്കാട് നിന്നും കോയമ്പത്തൂരിൽ നിന്നും എത്തിക്കുന്ന പടക്കങ്ങൾ സംഭരിക്കുന്ന കേന്ദ്രത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. പാലക്കാട് നിന്നെത്തിച്ച പടക്കങ്ങൾ വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറി. തുടർന്ന് വാഹനം പൂർണ്ണമായും കത്തിനശിച്ചു. സമീപത്തെ സംഭരണ ശാലയും തകർന്നു. സ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങൾ ഒരു കിലോമീറ്ററോളം തെറിച്ചിട്ടുണ്ട്.















