എറണാകുളം: തൃപ്പൂണിത്തുറ തെക്കുംഭാഗത്ത് പടക്കസംഭരണ ശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചു. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണു ആണ് മരിച്ചത്. സ്ഫോടനത്തിൽ കുട്ടികളടക്കം 16 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പൊള്ളലേറ്റ നാല് പേരെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. പടക്കപ്പുരയും പടക്കമെത്തിച്ച വാഹനവും പൂർണമായും കത്തിനശിച്ചു. പാലക്കാട് നിന്ന് കൊണ്ടുവന്ന പടക്കം വാഹനത്തിൽ നിന്നിറക്കി അടുത്തുള്ള കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ഈ വാഹനവും സമീപത്തുണ്ടായിരുന്ന കാറുമാണ് കത്തിനശിച്ചത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഒരു കിലോമീറ്റർ ചുറ്റളവിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിട്ടുണ്ട്. 25-ഓളം വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്. അരക്കിലോമീറ്റർ ചുറ്റളവിലുളള വീടുകളെല്ലാം തകർന്ന നിലയിലാണ്. ഏകദേശം പത്തോളം വീടുകൾ ഉപയോ?ഗ ശൂന്യമായ നിലയിലാണ്. സമീപത്തെ ഇരുനിലവീടുകളുടെ മേൽക്കൂരകൾ അടക്കം തകർന്നു. കോൺഗ്രീറ്റുകൾ പൊട്ടിയകന്ന നിലയാണ്. വീടുകളുടെ വാതിലുകളും ജനലുകളും ഷീറ്റുകളും തകർന്നിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്.
ഇത്തരത്തിൽ സ്‌ഫോടക വസ്തുക്കൾ സൂക്ഷിക്കാനുള്ള അനുമതി പടക്ക സംഭരണശാലയ്‌ക്ക് ലഭിച്ചിരുന്നില്ലെന്ന് ജില്ലാ കളക്ടർ എൻഎസ്‌കെ ഉമേഷ് അറിയിച്ചു. സംഭരണത്തിനായി നടത്തിപ്പുകാർ അപേക്ഷ നൽകിയിരുന്നില്ലെന്നും കളക്ടർ പറഞ്ഞു. നിർദ്ദേശങ്ങൾ പാലിക്കാതെയാണ് സ്ഫോടക വസ്തുകൾ സ്ഥലത്തിറക്കിയതെന്ന് ഫയർഫോഴ്സ് അധികൃതരും വ്യക്തമാക്കി. സമീപത്തുള്ള പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് എത്തിയ പടക്കമാണ് പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോർട്ട്.