തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഒരു ലക്ഷത്തോളം പേർ ജോലിയിൽ പ്രവേശിക്കുന്നതിൽ അഭിമാനമുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. രാജ്യത്തിന്റെ മുന്നോട്ടുള്ള വളർച്ചയ്‌ക്ക് ഇവരും ഇനി സുപ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. പള്ളിപ്പുറം സിആർപിഎഫ് ക്യാംപിൽ നടന്ന റോസ്ഗാർ മേളയിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
രാജ്യത്തിന്റെ മുന്നോട്ടുള്ള ഉയർച്ചയുടെ കർത്താക്കളാണ് ഇന്നത്തെ യുവാക്കൾ. ഭാരതം ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്നതിൽ സംശയമില്ല. ഇത് സാധാരണക്കാരായ ജനങ്ങൾക്ക് എങ്ങനെ പ്രയോജനപ്പെടും എന്ന കാര്യത്തിൽ അവബോധം സൃഷ്ടിക്കണം. ഒരു ലക്ഷത്തോളം യുവാക്കൾ കേന്ദ്ര സർക്കാരിന്റെ വിവിധ മേഖലയുടെ ഭാഗമാകാൻ പോകുകയാണ്. കഴിഞ്ഞ പത്ത് വർഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിന്റെ കീഴിൽ ഇന്ത്യ ശക്തമായ വളർച്ച കൈവരിച്ചു.
അടിസ്ഥാനസൗകര്യ വികസനത്തിന്റെ കാര്യത്തിൽ രാജ്യത്തിന് വലിയ കുതിപ്പാണുണ്ടായത്. വളരെ വേഗതയേറിയ, ശക്തമായ വികസനമാണ് രാജ്യത്തുണ്ടായത്. മൊബൈൽ ഫോണുകളുടെ ഉത്പ്പാദനത്തിൽ ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. പ്രതിരോധ മേഖലയിൽ മറ്റ് രാജ്യങ്ങളെ ആശ്രയിച്ചിരുന്ന രാജ്യം ഇന്ന് മറ്റ് രാജ്യങ്ങൾക്ക് കൂടി സഹായകമാകുന്നുവെന്നും മുരളീധരൻ പറഞ്ഞു.















