വയനാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് ചോദ്യങ്ങളുമായി മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകൾ. തന്റെ അച്ഛന് സംഭവിച്ചത് ഇനി ആർക്കും വരരുതെന്നും അജീഷിന്റെ മകൾ വിതുമ്പിക്കൊണ്ട് പറഞ്ഞു. ഇത്രയും രൂക്ഷമായ പ്രശ്നത്തിന് ഇതുവരെയും വയനാട്ടിൽ ഒന്നുമുണ്ടായിട്ടില്ലെന്നും മകൾ പറഞ്ഞു. വൈകിട്ടോടെ വി.ഡി സതീശൻ വീട്ടിലെത്തിയപ്പോഴായിരുന്നു പ്രതികരണം.
‘വയനാട്ടുകാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വന്യജീവി ആക്രമണം. എന്റെ ഡാഡി ഒരു കർഷകനാണ്. എന്നിട്ടും ഇങ്ങനെയൊക്കെ സംഭവിച്ചു. കാട്ടാനയ്‌ക്ക് കാടുണ്ട്, പിന്നെ എന്തിനാണ് നാട്ടിൽ ഇറങ്ങുന്നത്. കാട്ടാന നാട്ടിലേക്ക് ഇറങ്ങാതിരിക്കാനുള്ള ഒരു സംവിധാനം വയനാട്ടിൽ ചെയ്ത് കൊടുക്കണം.
എന്റെ ഡാഡിക്ക് സംഭവിച്ചത് ഇനി വയനാട്ടിലെ ആർക്കും സംഭവിക്കാൻ പാടില്ല. ഞാൻ കരഞ്ഞതുപോലെ ഇനി ഒരു കുട്ടിയും കരയരുത്. വയനാട്ടിൽ മൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ഇതിനൊരു പ്രതിവിധി ഇതുവരെയും വന്നിട്ടില്ല. വയനാട്ടിൽ ഒരിക്കലും ഇനി മൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യർ മരിക്കരുതെന്ന് എനിക്ക് ഉറപ്പ് തരണം.’- എന്നായിരുന്നു ഇടറിയ ശബ്ദത്തോടെ അജീഷിന്റെ മകൾ പറഞ്ഞത്.















