മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ രൂപ-ഭാവ വിസ്മയവുമായി എത്തുന്ന ത്രില്ലർ ചിത്രം ഭ്രമയുഗത്തിന്റെ മുൻകൂർ ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കകം തന്നെ പതിനായിരത്തിലധികം ടിക്കറ്റുകളാണ് വിറ്റത്. കേരളത്തിന് പുറമേ ഓസ്‌ട്രേലിയ, ജർമ്മനി, യുകെ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലും ബുക്കിംഗുകൾ ആരംഭിച്ചിട്ടുണ്ട്. കേരളത്തിൽ ആരംഭിച്ച എല്ലാ തിയേറ്ററുകളിലും മികച്ച ബുക്കിംഗാണ് നടക്കുന്നത്.
ആദ്യദിനം തന്നെ ഭ്രമയുഗത്തിന് മികച്ച ബുക്കിംഗും പ്രി-സെയിൽ ബിസിനസും സ്വന്തമാക്കാൻ സാധിക്കുമെന്ന് ഉറപ്പാണ്. യുഎഇയിലെ വോക്‌സ് സിനിമാസിൽ ഭ്രമയുഗത്തിന്റെ 600-ലധികം ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ആരാധകരുടെ ആകാംക്ഷ ഇരട്ടിയാക്കികൊണ്ട് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നത്. അത്യന്തം ഭയമുളവാക്കുന്ന ദൃശ്യങ്ങളും രൂപഭാവങ്ങളുമാണ് ട്രെയിലറിലുള്ളത്. മമ്മൂട്ടിക്കൊപ്പം അർജുൻ അശോകനും സിദ്ധാർത്ഥ് ഭരതനും അമാൽഡ ലിസുമുണ്ട്. ട്രെയിലർ പുറത്തുവന്ന് നിമിഷങ്ങൾ കൊണ്ട് തന്നെ ആയിരക്കണക്കിന് പേർ വീഡിയോ കണ്ടിരുന്നു. ഇതുവരെ 28 ലക്ഷം പേരാണ് ട്രെയിലർ കണ്ടത്. തിയേറ്ററിലെത്തുന്ന ചിത്രം പ്രേക്ഷകരെ ഭ്രമത്തിന്റെ അടിത്തട്ടിലേക്ക് കൊണ്ടുപോകുമെന്ന കാര്യത്തിൽ സംശയമില്ലെന്നാണ് ആരാധകർ പറയുന്നത്.















