മുംബൈ: കൗമാര ലോകകപ്പിന്റെ കലാശ പോരിൽ ഇന്ത്യൻ യുവനിര ഓസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. പാകിസ്താനെ സെമിയിൽ വീഴ്‌ത്തിയാണ് ഓസീസ് ഫൈനലിലെത്തിയത്. ഐസിസി വേദിയിലെ മൂന്നാം ഫൈനലിലാണ് ഇന്ത്യ ഓസ്ട്രേലിയയോട് പരാജയം സമ്മതിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇന്ത്യൻ കൗമാര പടയെ പരിഹസിച്ച് പാകിസ്താനിലെ സൈബർ പോരാളികൾ രംഗത്തുവന്നത്. ഇവർക്ക് കുറിക്കുകൊള്ളുന്ന മറുപടിയാണ് ഇന്ത്യയുടെ മുൻതാരം ഇർഫാൻ പത്താൻ നൽകിയത്. എക്സിലായിരുന്നു താരത്തിന്റെ പാരാമർശം.
അവരുടെ കൗമാര ടീം ഫൈനലിലെത്തിയില്ലെങ്കിലും അവിടുത്ത കീബോർഡ് പോരാളികള്‍ ഇന്ത്യന്‍ യുവനിരയുടെ പരാജയത്തില്‍ ആഹ്ളാദിച്ചാണ് ആശ്വസിക്കുന്നത്. ആ രാജ്യത്തിന്‍റെ മാനസികാവസ്ഥയാണ് ഈ നെഗറ്റീവ് മനോഭാവത്തിലൂടെ പ്രതിഫലിക്കുന്നത്-എന്നാണ് ഇർഫാന്‍ പത്താന്‍റെ ട്വീറ്റ്.
ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ 79 റണ്‍സിനാണ് ഫൈനലിൽ തോറ്റത്. ഓസ്ട്രേലിയ മൂന്നാം കിരീടം ഉയർത്തി. ഓസ്ട്രേലിയ ഉയർത്തിയ 254 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഇന്ത്യക്ക് 174 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മദ്ധ്യനിരയും മുൻനിരയും കളിമറന്നതാണ് മുൻ ചാമ്പ്യന്മാർക്ക് വിനയായത്.
Despite their U19 team not making it to the final, keyboard warriors from across the border find pleasure in our youngsters’ defeat. This negative attitude reflects poorly on their nation’s mindset. #padosi
— Irfan Pathan (@IrfanPathan) February 11, 2024
“>