താനെ: ശ്രീമുത്തപ്പൻ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരി 10,11 തീയതികളിലായി നടന്നു. ഫെബ്രുവരി10ന് വൈകുന്നേരം 5ന് ഗണപതിഹോമത്തോടെ മഹോത്സവം ആരംഭിച്ചു. താനെ വെസ്റ്റ് വാഗ്ലെ എസ്റ്റേറ്റ് ശാന്തി നഗർ മുനിസിപ്പൽ സ്കൂൾ ഗ്രൗണ്ടിലാണ് രണ്ടു ദിവസങ്ങളിലായി മുത്തപ്പൻ മഹോത്സവം അരങ്ങേറിയത്. മുംബൈയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മുത്തപ്പൻ സമിതികളിൽ ഒന്നാണ് താനെ ശ്രീമുത്തപ്പൻ സമിതി.
വൻ ജന പങ്കാളിത്തം കൊണ്ട് മഹോത്സവം ശ്രദ്ധ ആകർഷിച്ചു. വർഷം തോറും ഭക്തരുടെ തിരക്ക് വർദ്ധിക്കുകയാണ്. രണ്ടുദിവസമായി നടന്ന ചടങ്ങുകൾക്ക് മുത്തപ്പൻ സമിതി താനെ ഭാരവാഹികളായ പ്രഹ്ലാദൻ, രാജൻ, പവിത്രൻ,തുടങ്ങിയവർ നേതൃത്വം നൽകി. മുത്തപ്പൻ വെള്ളാട്ടവേദിയിൽ താനെയിലെ രാഷ്‌ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരെ ആദരിച്ചു. മുത്തപ്പൻ വെള്ളാട്ടവും അരുളപ്പാടും കാണുന്നതിനും ദർശനം നേടുന്നതിനും വേണ്ടി മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരകണക്കിന് പേരാണ് രണ്ടുദിവസവും എത്തിച്ചേർന്നു. പ്രസാദവിതരണവും നടന്നു.















