തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനെ പരോക്ഷമായി വിമർശിച്ച മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന് സിപിഎം സംസ്ഥാനസമിതിയിൽ വിമർശനം. അനാവശ്യ വിവാദത്തിനാണ് കടകംപള്ളി തിരികൊളുത്തിയതെന്നും ഭരണത്തിലിരിക്കുന്ന നഗരസഭയെ പ്രതിക്കൂട്ടിൽ നിർത്തിയെന്നുമാണ് വിമർശനം. രണ്ട് മൂന്ന് പദ്ധതികൾ തലസ്ഥാനനഗരത്തെ ശ്വാസം മുട്ടിക്കുന്നുവെന്നും യാത്രാ സൗകര്യം നഷ്ടപ്പെട്ട ജനങ്ങൾ വർഷങ്ങളായി തലസ്ഥാനത്ത് താമസിക്കുന്നുണ്ടെന്നുമായിരുന്നു കടകംപള്ളി പറഞ്ഞത്. അമൃത് പദ്ധതിയുടെ ഭാഗമായി നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ജനങ്ങളെ തടവിലാക്കുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നഗരത്തിലെ സഞ്ചാരയോഗ്യമല്ലാത്ത റോഡുകൾ നന്നാക്കേണ്ടതുണ്ട്. സമാർട്ട് സിറ്റി പദ്ധതികൾ ധ്രുകഗതിയിലാക്കാൻ സാധിക്കുന്നില്ല. നഗരസഭയുടെയോ കൗൺസിലർമാരുടെയോ പോരായ്മയാണെന്ന് ഞാൻ പറയില്ല. പക്ഷേ പോരായ്മയുണ്ടെന്ന കാര്യം വാസ്തവമാണ്. വികസനപദ്ധതിയുടെ പേരിൽ നഗരത്തിന്റെ പലഭാഗത്തും റോഡുകൾ വെട്ടിമുറിച്ചിട്ടിരിക്കുകയാണ്. വർഷങ്ങളായി യാത്രാസൗകര്യം നഷ്ടപ്പെട്ടവരാണ് ഇവിടെയുള്ളത്. ഇതിന് പരിഹാരം കാണണം. ചില പദ്ധതികൾ ആരംഭിച്ചിട്ട് ഒന്നും എത്താത്ത സാഹചര്യമുണ്ടെന്നുമാണ് കടകംപള്ളി ആരോപിച്ചത്.