എറണാകുളം: തൃപ്പൂണിത്തുറ തെക്കുംഭാഗത്ത് പടക്ക സംഭരണശാലയിലുണ്ടായ സ്‌ഫോടനത്തിൽ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു. ശശി വിനോദ്, വിനീത്, സതീശൻ എന്നിവരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ഇവരിൽ രണ്ടുപേർ ക്ഷേത്ര കമ്മിറ്റിക്കാരും രണ്ട്‌പേർ കരാർ തൊഴിലാളികളുമാണ്. ദേവസ്വം പ്രസിഡന്റ് സജീഷ് കുമാറാണ് കേസിലെ ഒന്നാം പ്രതി. ക്ഷേത്ര കമ്മിറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രധാന പ്രതികൾ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി.
ജാമ്യമില്ലാത്ത വിവിധ വകുപ്പുകൾ ചുമത്തിയാണ് പോലീസ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. മനഃപൂർവമല്ലാത്ത നരഹത്യ (304), നരഹത്യ നടത്താനുള്ള ശ്രമം (308) എന്നീ വകുപ്പുകൾ ചുമത്തി സ്‌ഫോടക വസ്തു നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
പാലക്കാട് നിന്നെത്തിച്ച പടക്കങ്ങൾ വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെയായിരുന്നു സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ നാലുപേർ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സമീപത്തെ 25 ഓളം വീടുകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇതിൽ പത്തോളം വീടുകൾ പൂർണമായും തകർന്നു.















