ന്യൂഡൽഹി: കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയാ രാജ്യസഭയിലേക്ക്. രാജസ്ഥാനിൽ നിന്നും രാജ്യസഭയിലെത്തിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ഉന്നതതല യോഗം ഇന്നലെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ ചേർന്നിരുന്നു. ഈ യോഗത്തിൽ അന്തിമതീരുമാനം ആയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ ഉത്തർപ്രദേശിൽ നിന്നുള്ള ഏക കോൺഗ്രസ് എംപിയാണ് സോണിയ. റായ്ബറേലിയിൽ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള സാദ്ധ്യതകൾ അവസാനിച്ചതോടെയാണ് സോണിയ രാജ്യസഭയിലേക്ക് മാറുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. മണ്ഡലത്തിൽ പ്രിയങ്ക വാദ്ര എത്തുമെന്ന് അഭ്യൂഹങ്ങൾ പരന്നെങ്കിലും ഈ റിപ്പോർട്ടുകളോട് പ്രതികരിക്കാൻ കോൺഗ്രസ് നേതൃത്വം തയാറായിട്ടില്ല.
രാജീവിന്റെ പിതാവ് ഫിറോസ് ഗാന്ധി, ഇന്ദിര എന്നിവർ മത്സരിച്ച് സഭയിലെത്തിയ മണ്ഡലമാണ് റായ്ബറേലി. 1977 ൽ ഇന്ദിരയ്‌ക്ക് കാലിടറിയതും ഈ മണ്ഡലത്തിൽ നിന്നാണ്. 2004 മുതൽ തുടർച്ചയായി നാലുതവണ സോണിയ സഭയിലെത്തിയതും റായ്ബറേലിയിൽ നിന്നായിരുന്നു. ഇത്തവണ വിജയ സാദ്ധ്യത കുറഞ്ഞതുകൊണ്ടാണ് മത്സരത്തിൽ നിന്നും പിന്മാറുതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട അമേഠിയിൽ രാഹുൽ തിരിച്ചെത്തണമെന്ന് സംസ്ഥാന ഘടകം ആവശ്യപ്പെടുന്നതിനിടെയാണ് സോണിയ മണ്ഡലം വിട്ടുപോകാൻ ഒരുങ്ങുന്നത്. ഇത് കോൺഗ്രസ് പ്രവർത്തകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്.















