എറണാകുളം: എസ്.എഫ്. ഐ.ഒ അന്വേഷണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.ഐ.ഡി.സി നൽകിയ ഹർജിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രസർക്കാർ. രജിസ്ട്രാർ ഓഫ് കമ്പനീസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ കെ.എസ്.ഐ.ഡി.സിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പരാമർശിക്കുന്നത്. കരിമണൽ കമ്പനിയായ സിഎംആർഎല്ലിന്റെ രണ്ടാമത്തെ ഏറ്റവും വലിയ ഓഹരി ഉടമകളാണ് കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐഡി.സി. സാമ്പത്തിക ഇടപാടിനെ പറ്റി അറിഞ്ഞിരുന്നോ എന്ന് അറിയാൻ വേണ്ടിയാണ് കെ.എസ്.ഐ.ഡി.സിയോട് വിശദീകരണം തേടിയത്. പരാതി സഹിതമായിരുന്നു കഴിഞ്ഞ ഡിസംബറിൽ വിശദീകരണം ചോദിച്ചതെന്നും ഹൈക്കോടതിയിൽ ആർ.ഒ.സി വ്യക്തമാക്കി.
വിശദീകരണത്തിൽ നിശ്ചിത സമയപരിധിക്കുളളിൽ മറുപടി നൽകാൻ കെ.എസ്.ഐ.ഡി.സി തയ്യാറായില്ല,.കഴിഞ്ഞ ജനുവരിയിൽ മറുപടി ലഭിക്കാത്ത കാര്യം കേന്ദ്ര കോർപ്പറേറ്റ് കാര്യമന്ത്രാലയത്തെ ഔദ്യോഗികമായി അറിയിച്ചിരുന്നു. പിന്നാലെ ഇമെയിൽ മുഖാന്തരവും അല്ലാതെയും കെ.എസ്.ഐ.ഡി.സി മറുപടി നൽകി. പക്ഷേ അതില്ലൊന്നും സാമ്പത്തിക ഇടപാടിൽ കെ.എസ്.ഐ.ഡി.സിക്കെതിരെയുള്ള ആരോപണങ്ങൾക്കുള്ള മറുപടിയുണ്ടായിരുന്നില്ല. സംശയങ്ങളും ദുരൂഹതകളും ഉയർത്തുന്ന തൃപ്തികരമല്ലാത്ത മറുപടിയാണ് ലഭിച്ചത്. അതുകൊണ്ട് കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും ആർ.ഒ.സി കോടതിയെ അറിയിച്ചു.
കേസിൽ അന്വേഷണം നടക്കുന്നതാണ് നല്ലതെന്ന് ഇന്നലെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.കെ.എസ്.ഐ.ഡി.സിയോട് അന്വേഷണത്തിൽ ആശങ്ക എന്തിനാണെന്നും നിർത്തിവയ്‌ക്കാൻ ആവശ്യപ്പെടുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.പേരിന് കളങ്കം വരുത്തുന്നുന്നുവെന്നാണ് കെ.എസ.്‌ഐ.ഡി.സിയുടെ വാദം. സിഎംആർഎലിനെതിരായ അന്വേഷണത്തിൽ എതിർപ്പില്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ എക്‌സാലോജിക് കരാറിൽ സിഎംആർഎലിനോട് വിശദീകരണം തേടിയതിന്റെ പകർപ്പ് ഹാജരാക്കാൻ കെ.എസ്.ഐ.ഡി.സിയോട് കോടതി ആവശ്യപ്പെട്ടു. ഇതിന് സമയം വേണമെന്നാണ് കോടതിയിൽ കെ.എസ്.ഐ.ഡി.സി പറഞ്ഞിരിക്കുന്നത്.