കൊച്ചി: തൃപ്പൂണിത്തുറ മെട്രോ സ്‌റ്റേഷനിൽ ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ പരിശോധന പൂർത്തിയായി. ഇന്നും ഇന്നലെയുമായാണ് പരിശോധന നടന്നത്. വ്യോമയാന മന്ത്രാലയത്തിൽ നിന്നുള്ള റെയിൽവേ സുരക്ഷാ കമ്മീഷണർ ആനന്ദ് എം ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
മെട്രോ സ്‌റ്റേഷനിൽ യാത്രക്കാർക്കായി ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ, സിസ്റ്റം, സിഗ്നലിംഗ്, ട്രാക്ക് എന്നിവയാണ് ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ പരിശോധിച്ചത്. തൃപ്പൂണിത്തുറ മെട്രോ സ്‌റ്റേഷനിൽ നിന്നും വൈകാതെ സർവീസ് ആരംഭിക്കുന്നതിനുള്ള അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെഎംആർഎൽ വ്യക്തമാക്കി. തൃപ്പൂണിത്തുറ മെട്രോ സ്‌റ്റേഷൻ പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് ലഭിക്കേണ്ട അനുമതിയാണ് ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടേത്.
അതേസമയം തൃപ്പൂണിത്തുറ മെട്രോ സ്‌റ്റേഷനിലെ അവസാന ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 1.35 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ആദ്യ ഘട്ടത്തിലെ അവസാന സ്‌റ്റേഷനായ തൃപ്പൂണിത്തുറ സ്റ്റേഷന്റെ നിർമ്മാണം.