ഇൻഡോർ: 40-കാരിയായ മാതാവ് മക്കളെ ഭിക്ഷയ്‌ക്കിരുത്തി സമ്പാദിച്ചത് രണ്ടര ലക്ഷം രൂപ. 45 ദിവസമാണ് മക്കളക്കൊണ്ട് ഇവർ ഭിക്ഷയെടുപ്പിച്ചത്. എട്ടുവയസുകാരി മകളെയും രണ്ടു ആൺമക്കളെയുമാണ് യാചകരാക്കിയത്. ഇവരുടെ കുടുംബം 150 പേരടങ്ങുന്ന ഒരു ഭിക്ഷാടന മാഫിയയുടെ അംഗമെന്നാണ് വിവരം. രാജസ്ഥാനിൽ ഇവർക്ക് രണ്ടുനിലയുള്ള കെട്ടിടവും സ്ഥലങ്ങളുമുണ്ടെന്ന് എൻജിഒ വ്യക്തമാക്കുന്നു.
ഇൻഡോർ- ഉജ്ജൈൻ റോഡിൽ ഭിക്ഷയെടുക്കുന്ന ഇന്ദ്ര ബായ് ആണ് മക്കളെ യാചകരാക്കിയത്. ഇവരെ പിടികൂടുമ്പോൾ 19,000 രൂപ പഴ്സിൽ നിന്ന് കണ്ടെത്തി. അഞ്ചു മക്കളാണ് ഇവർക്കുള്ളത്. മകളോടൊപ്പം ഒമ്പതും പത്തും വയസുള്ള ആൺ മക്കളെയാണ് ഇവർ ഭിക്ഷയ്‌ക്കിരുത്തിയത്.
ലഭിച്ചതിൽ ഒരുലക്ഷം രൂപ ബന്ധുവിന് അയച്ചുനൽകി. 50,000 രൂപ സ്ഥിര നിക്ഷേപമാക്കിയപ്പോൾ മറ്റൊരു അമ്പതിനായിരം വിവിധ ഡെപ്പോസിറ്റ് സ്കീമുകളിൽ നിക്ഷേപിച്ചെന്നും ഇവർ വ്യക്തമാക്കി.
ഇവരുടെ കുടുംബത്തിനും രണ്ടുനില കെട്ടിടം സ്വന്തമായുണ്ട്. ഭർത്താവ് ഇവരുടെ പേരിൽ ഒരു ബൈക്കും വാങ്ങിയിട്ടുണ്ട്. പിടിയിലായ ഇന്ദ്ര ബായിയെ ജൂഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇൻഡോർ മജിസ്ട്രേറ്റ് ഭിക്ഷാടനത്തിൽ നിന്ന് കുട്ടികളെ രക്ഷപ്പെടുത്താൻ സിറ്റിയിൽ ഒരു ഒപ്പറേഷൻ നടത്തി. 10 പേരെ രക്ഷിച്ചു.















